മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത് നാല് മണിക്കൂറിലധികം, അന്വേഷണം അന്തിമഘട്ടത്തിലെന്ന് പൊലീസ്

ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മാരാരിക്കുളം പോലീസ് നാല് മണിക്കൂറിലധികമാണ് വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തത്. അന്വേഷണം അന്തിമഘട്ടത്തിലെന്നും കേസിലെ ചോദ്യംചെയ്യല്‍ എല്ലാം പൂര്‍ത്തിയായെന്നും പൊലീസ് പറഞ്ഞു.

കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തിയായിരുന്നു വെള്ളാപ്പള്ളിയെ പൊലീസ് ചോദ്യം ചെയ്തത്. അന്വേഷണ സംഘം വെള്ളാപ്പള്ളിയോട് പ്രധാനമായും ചോദിച്ചത് മഹേശന്‍ മരിക്കുന്നതിന് മുമ്പ് പുറത്തുവിട്ട കത്തുകളിലെ ആരോപണങ്ങളെക്കുറിച്ചാണ്. 32 പേജുള്ള കത്താണ് വെള്ളാപ്പള്ളി നടേശന് കെ കെ മഹേശന്‍ നല്‍കിയിരുന്നത്. സാമ്പത്തിക തിരിമറി, മാനസിക പീഡനം തുടങ്ങിയ കാര്യങ്ങള്‍ ഈ കത്തിലുണ്ട്. ആത്മഹത്യാ കുറിപ്പില്‍ വെള്ളാപ്പള്ളി നടേശന്റെയും സഹായി അശോകന്റെയും പേരുകള്‍ എഴുതിയിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് വെള്ളാപ്പള്ളി നടേശനുമായും കെ എല്‍ അശോകനുമായും മഹേശന്‍ ഫോണിലും സംസാരിച്ചിരുന്നു.

Loading...

വെള്ളാപ്പള്ളിയുടെ സഹായി കെ എല്‍ അശോകന്റെ മൊഴി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൊലീസ് എടുത്തിരുന്നു. അറുപതിലധികം പേരുടെ മൊഴി ഇതിനോടകം എടുത്തിട്ടുണ്ട്. ഇവ ഒത്തുനോക്കിയ ശേഷമാകും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക. അതേസമയം കേസില്‍ പ്രത്യേക സംഘം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് മഹേശന്റെ കുടുംബം. ഇക്കാര്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് ജനകീയ സമിതി ഭീമഹര്‍ജി നല്‍കാനും തീരുമാനമായിട്ടുണ്ട്.