പള്‍സ് ഓക്‌സിമീറ്ററിന് ഈടാക്കുന്നത് മൂന്നിരട്ടി വില; കൊറോണയുടെ മറവിൽ മെഡിക്കല്‍ ഷോപ്പുകളുടെ പകൽക്കൊള്ള

കോട്ടയത്തെ മെഡിക്കല്‍ ഷോപ്പുകളില്‍ പള്‍സ് ഓക്‌സിമീറ്റര്‍ വിലകൂട്ടി വില്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പോലീസ് പരിശോധന. 500 മുതല്‍ 900 രൂപ വരെ വിലയുള്ള പള്‍സ് ഓക്‌സിമീറ്റര്‍ എംആര്‍പിയുടെ മൂന്നിരട്ടി വരെ ഈടാക്കിയാണ് കടകളില്‍ വിറ്റ് കൊണ്ടിരുന്നത്. നഗരത്തിലെ വിവിധ മെഡിക്കല്‍ ഷോപ്പുകളിലാണ് വെസ്റ്റ് എസ് ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കൊറോണ വ്യാപനം മുതലാക്കിയാണ് മെഡിക്കല്‍ ഷോപ്പുകള്‍ പള്‍സ് ഓക്‌സിമീറ്റര്‍ വിലകൂട്ടി വിറ്റത്. കടകളിലെ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ച പോലീസ് സംഘം പള്‍സ് ഓക്‌സി മീറ്ററിന്റെ സ്റ്റോക്ക് എണ്ണി തിട്ടപ്പെടുത്തി.

കൊറോണ വ്യാപനം മൂലം ആവശ്യക്കാര്‍ ഏറിയതോടെയാണ് മെഡിക്കല്‍ ഷോപ്പുകള്‍ വലിയ തോതില്‍ വിലകൂട്ടി വില്‍ക്കാന്‍ ആരംഭിച്ചത്. വരും ദിവസങ്ങളിലും മെഡിക്കല്‍ ഷോപ്പുകളില്‍ പരിശോധന തുടരാനാണ് പോലീസ് തീരുമാനം. വീണ്ടും വില കൂട്ടി വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കടകളുടെ ലൈസന്‍സ് അടക്കം റദ്ദാക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. രക്തത്തിലെ ഓക്‌സിജന്റെ നില അറിയാനാണ് പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുന്നത്. വീടുകളില്‍ കൊറോണ ചികിത്സയില്‍ കഴിയുന്നവരുടെ ഓക്‌സിജന്‍ നില അറിയാനായാണ് ഇത് ആളുകള്‍ ഇപ്പോള്‍ വ്യാപകമായി വാങ്ങിക്കുന്നത്.

Loading...