കോന്നിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ വീട്ടില്‍ പോലീസ് പരിശോധന; രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു

പത്തനംതിട്ട. കോന്നിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ വീട്ടില്‍ റെയ്ഡ്. കുമ്മണ്ണൂരിലും മാമാനാലിലുമാണ് റെയ്ഡ് നടന്നത്. എന്‍ഐഎ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലില്‍ അക്രമം കാണിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ വീട്ടിലാണ് പരിശോധനനടത്തിയത്. അക്രമക്കേസിലെ പ്രതികളായ അജ്മല്‍, മുഹമ്മദ് ഷാന്‍, അജ്മല്‍ എന്നിവരുടെ വീട്ടിലായിരുന്നു പോലീസ് പരിശോധന. രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

പ്രതികളുടെ വീടുകളില്‍ രാവിലെ ഏഴരയോടെയാണ് പോലീസ് പരിശോധന നടത്തിയത്. കോന്നി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കോന്നി, ചിറ്റാര്‍, തണ്ണിത്തോട് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികളാണ് ഇവര്‍.

Loading...

അതേസമയം എന്‍ഐഎ നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്കും സര്‍ക്കാരിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരമായി കേസില്‍ അറസ്റ്റിലായ നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ 5.2 കോടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് ഹര്‍ത്താലുമായി ബന്ധപ്പെട്ട് രജിസ്ട്രര്‍ ചെയ്ത എല്ലാ കേസുകളിലും പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന എ അബ്ദുല്‍ സത്തറിനെ പ്രതി ചേര്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഹര്‍ത്താലിലും ബന്ദിലും ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രതികള്‍ നഷ്ടപരിഹാരം കെട്ടിവെച്ച ശേഷം മാത്രമേ ജാമ്യം നല്‍കാവുഎന്നും എല്ലാ മജിസ്ട്രേറ്റു കോടതികള്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. പണം കെട്ടിവെക്കാത്ത പക്ഷം സ്വത്തുക്കള്‍ കണ്ട് കെട്ടാമെന്നും കോടതി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വലിയ നഷ്ടം ഉണ്ടായി എന്ന് ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.