ആലപ്പുഴ: പൊലീസില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയ സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റില്‍. തൃക്കുന്നപ്പുഴ പാനൂര്‍ കുറത്തറ വീട്ടില്‍ സുരേന്ദ്രന്‍ (56), ഭാര്യ അജിത (48), ബന്ധു തോട്ടപ്പള്ളി ചാലത്തോപ്പില്‍ ശുഭു (21) എന്നിവരാണ് അറസ്റ്റിലായത്. സിവില്‍ പോലീസ് ഓഫീസര്‍,വനിതാ സിവില്‍ പോലീസ് ഓഫീസര്‍,സ്റ്റോര്‍ കീപ്പര്‍,ഡ്രൈവര്‍ തസ്തികകളില്‍ നിയമനം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തൃക്കുന്നപ്പുഴ സ്വദേശി ശരണ്യയാണ് മുഖ്യപ്രതി.എസ്പി ഓഫീസിലെ ജീവനക്കാരി എന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ശരണ്യ ഒളിവിലാണ്.

പൊലീസ് തലപ്പത്തുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്നും പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫിസിലെ ജീവനക്കാരിയാണെന്നും വിശ്വസിപ്പിച്ചായിരുന്നു ശരണ്യയുടെ നേതൃത്വത്തില്‍ തട്ടിപ്പു നടത്തിയത്. പുരുഷ–വനിതാ സിവില്‍ പൊലീസ് ഓഫിസര്‍, സ്റ്റോര്‍ കീപ്പര്‍, ഡ്രൈവര്‍ എന്നീ തസ്തികകളില്‍ പിന്‍വാതില്‍ നിയമനം തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞാണു പണം വാങ്ങുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ നൂറോളം പേര്‍ തട്ടിപ്പിനിരയായതായാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപ വരെയാണ് ഓരോരുത്തരില്‍ നിന്നു വാങ്ങിയത്. ശരണ്യയുടെ സഹായികളായ രാജേഷ്, രാധാകൃഷ്ണന്‍ എന്നിവരാണു തട്ടിപ്പിന്റെ പ്രധാന ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്നും ശരണ്യ ഭര്‍ത്താവുമായി അടുപ്പത്തിലല്ലെന്നും പൊലീസ് പറഞ്ഞു.

സര്‍ക്കാരിന്റെയും പൊലീസ് സേനയുടെയും വ്യാജ മുദ്രയുള്ളതും ഉദ്യോഗാര്‍ഥികളുടെ ഫോട്ടോ പതിച്ചതുമായ ഫയലുകളും നിയമനത്തിനുള്ള വ്യാജരേഖകളും ശരണ്യയും രാജേഷും ചേര്‍ന്നു തയാറാക്കി കാണിച്ച് ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കും. നിയമനം ശരിയാക്കുന്ന തിരുവനന്തപുരത്തുള്ള ഡിവൈഎസ്പിയാണെന്നു വിശ്വസിപ്പിച്ചു രാധാകൃഷ്ണനെ ഫോണിലൂടെ ഉദ്യോഗാര്‍ഥികളെ പരിചയപ്പെടുത്തും. ഉദ്യോഗാര്‍ഥികളെ കണ്ണൂര്‍, മണിയാര്‍, അടൂര്‍ എന്നിവിടങ്ങളിലെ പൊലീസ് ക്യാംപുകളില്‍ സന്ദര്‍ശനത്തിനായി കൊണ്ടുപോകുകയും സമീപമുള്ള ലോഡ്ജില്‍ താമസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മെഡിക്കല്‍ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോവുകയും ഒപി ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തതായും െപാലീസ് പറഞ്ഞു. സുരേന്ദ്രന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ 48 വ്യാജ നിയമന ഉത്തരവുകളും ശാരീരിക ക്ഷമതാ പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവ കണ്ടെടുത്തു. എന്നാല്‍, തിരച്ചിലിനു തലേന്നു രാത്രി ശരണ്യ വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച കംപ്യൂട്ടറും ഒട്ടേറെ വ്യാജ രേഖകളും കടത്തിയതായി പൊലീസ് പറഞ്ഞു.

തട്ടിപ്പിലൂടെ ലഭിച്ച പണം ആഡംബര ജീവിതം നയിക്കാനാണു ശരണ്യ ഉപയോഗിച്ചിരുന്നത്. മൂന്നു കാറുകള്‍, വില കൂടിയ ഗൃഹോപകരണങ്ങള്‍, സ്ഥവും ഫ്‌ലാറ്റും വാങ്ങാന്‍ പണം നല്‍കിയതിന്റെ രേഖകള്‍ എന്നിവ പൊലീസ് ശരണ്യയുടെ വീട്ടില്‍ നിന്നു കണ്ടെടുത്തു. പുതുപ്പള്ളി സ്വദേശികളായ അനീഷ്, അനീഷ് ചന്ദ്രന്‍, ദിവ്യ എന്നിവര്‍ കായംകുളം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു തട്ടിപ്പു പുറത്തായത്. തട്ടിപ്പിനെ എതിര്‍ത്തതിനെ തുടര്‍ന്നു വീട്ടില്‍ നിന്നു പുറത്തായ ശരണ്യയുടെ സഹോദരന്‍ ശരത് പരാതിക്കാര്‍ക്കു തുണയായി എത്തിയത് അന്വേഷണത്തിനു സഹായകരമായതായി ഡിവൈഎസ്പി എസ്. ദേവമനോഹര്‍, സിഐ: കെ.എസ്. ഉദയഭാനു, എസ്‌ഐ: ഡി. രജീഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു.