മന്ത്രി എംഎം മണിയുടെ സഹോദരന്റെ മരണം; ദുരൂഹത ബാക്കി

തൊടുപുഴ: മന്ത്രി എംഎം മണിയുടെ ഇളയ സഹോദരൻ എംഎം സനകന്റെ മരണത്തിൽ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് വെള്ളത്തൂവൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സനകൻ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരണപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച അടിമാലിയിലെ ഹോട്ടലിൽ നിന്നും കാണാതായ സനകനെ പിറ്റേദിവസം ഉച്ചയോടെയാണ് വെള്ളത്തൂവൽ കുത്തുപാറയിൽ അവശനിലയിൽ കണ്ടെത്തിയത്. പ്രദേശവാസികൾ ഉടൻതന്നെ സനകനെ ആശുപത്രിയിലെത്തിച്ചു.

Loading...

പരിക്ക് ഗുരുതരമായതിനാൽ ശനിയാഴ്ച രാത്രിയിലാണ് സനകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സഹോദരന്റെ മരണത്തിലെ ദുരുഹത സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി എംഎം മണി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വെള്ളത്തൂവൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച കുഞ്ചിത്തണ്ണിയിലേക്ക് വരുന്നതിനിടെ സനകനും ഭാര്യയും അടിമാലിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയിരുന്നു. ഇവിടെവെച്ചാണ് സനകനെ കാണാതായത്. അടിമാലിയിലെ ഹോട്ടലിൽ നിന്നും കാണാതായ സനകനെ പിറ്റേദിവസം ഉച്ചയോടെ കുത്തുപാറയിലെ റോഡരികിലാണ് കണ്ടെത്തിയത്. കുത്തുപാറയിലെ റോഡരികിൽ നിന്നും കണ്ടെത്തിയ സനകന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സനകൻ മരണപ്പെട്ടത്. തലയ്ക്കുള്ളിലെ രക്തസ്രാവമാണ് മരണകാരണമെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ അറിയിച്ചു. അടിമാലിയിൽ നിന്ന് കാണാതായ സഹോദരനെ കുത്തുപാറയിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എംഎം മണി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.