ഗുണ്ടകളുമായുള്ള ബന്ധം ; അന്വേഷണം എസ്.പി മുതല്‍ മുകളിലോട്ടുള്ളവരെ ഒഴിവാക്കി, ഉന്നതരെ തൊടേണ്ടെന്ന് നിർദ്ദേശം

തിരുവനന്തപുരം : ഗുണ്ടകളും പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിൽ വകുപ്പ് തലത്തിൽ അന്വേഷണം നടന്നുവരികയാണ്. എന്നാൽ ഈ അന്വേഷണത്തിലും അട്ടിമറി നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഐ.പി.എസുകാരടക്കം ഉന്നതരെ തൊടാതെയാണ് അന്വേഷണം നടക്കുന്നത്. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരേക്കുറിച്ചുള്ള ഡി.ജി.പിയുടെ വിവരശേഖരണത്തില്‍ നിന്നും എസ്.പി മുതല്‍ മുകളിലോട്ടുള്ളവരെ ഒഴിവാക്കി. ഡിവൈ.എസ്.പി വരെയുള്ളവരേക്കുറിച്ച് വിവരം ശേഖരിച്ചാല്‍ മതിയെന്ന് നിര്‍ദേശം.

വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് പൊലീസുകാര്‍ തല്ലിക്കൊന്നു. എറണാകുളം റൂറല്‍ എസ്.പിയായിരുന്ന എ.വി.ജോര്‍ജില്‍ തുടങ്ങി സി.ഐയും എസ്.ഐയുമടക്കം പത്തിലേറെപ്പൊലീസുകാര്‍ ആരോപണ വിധേയര്‍. ഒടുവില്‍ ഉന്നതര്‍ അന്വേഷിച്ച കുറ്റപത്രം എത്തിയപ്പോള്‍ എസ്.പി സാക്ഷിമാത്രമായി രക്ഷപെട്ടു, കുടുങ്ങിയത് താഴേതട്ടിലെ പൊലീസുകാര്‍ മാത്രം.
കുറ്റകൃത്യങ്ങളില്‍പെട്ട പൊലീസുകാരുടെ വിവരം ശേഖരിക്കാന്‍ ഡി.ജി.പി എഴുതിയ ഈ കത്ത് അതിന് തെളിവാണ്. സിവില്‍ പൊലീസ് ഓഫീസര്‍ മുതല്‍ ഡിവൈ.എസ്.പി വരെയുള്ളവരുടെ വിവരം ശേഖരിച്ചാല്‍ മതിയെന്ന് പ്രത്യേകം പറയുന്നു.

Loading...

ഇതിലൂടെ ഉന്നതരെ രക്ഷപ്പെടുത്താനുള്ള ശ്രമാണ് നടക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. അന്വേഷണം നടന്നാൽ ഉന്നത ഉദ്യോഗസ്ഥർ കുടുങ്ങുമെന്നത് ഉറപ്പാണ്. അതിനാലാണ് അന്വേഷണം തന്നെ തടയുന്നത്. ഇതുവരെ സസ്പെന്‍ഷനും സ്ഥലംമാറ്റവും ഉള്‍പ്പെടെ 63 പേര്‍ക്കെതിരെ നടപടിയെടുത്തപ്പോഴും അതെല്ലാം ഡിവൈ.എസ്.പി വരെയുള്ളവരില്‍ ഒതുങ്ങി.

എസ്.പിയും ഐ.ജിയും ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചാണ് ഉന്നതരെ സുരക്ഷിതരാക്കുന്നത്. താഴെ തട്ടിലുള്ളവർക്ക് മാത്രം ശിക്ഷ നൽകുന്ന നടപടി ശെരിയല്ല. കുറ്റം ചെയ്തവർ എത്ര ഉന്നതരായാലും അവർക്കും ശിക്ഷ ലഭിക്കണമെന്നാണ് സേനയില്‍ നിന്ന് തന്നെ ഉയരുന്ന അഭിപ്രായം.