അലനെതിരെ കൂടുതല്‍ തെളിവുമായി പൊലീസ്

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെതിരെ കൂടുതല്‍ തെളിവുകളുമായി പൊലീസ്. നിരോധിത സംഘടനകളില്‍പ്പെട്ടവര്‍ക്കൊപ്പം അലന്‍ ഷുഹൈബ് നില്‍ക്കുന്ന ചിത്രങ്ങളാണ് അന്വേഷണസംഘം പുറത്തുവിട്ടത്.

അലന്‍ ഷുഹൈബിന്റെ നാലുവര്‍ഷം മുമ്പ് വരെയുള്ള ചിത്രങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് സംഘടിപ്പിച്ച ചില പ്രതിഷേധ പരിപാടികളുടെ ചിത്രങ്ങളും ഇതിലുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ അലന്‍ ഷുഹൈബ് ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നിരോധിത സംഘടനകളില്‍ ഉള്‍പ്പെട്ടവരുമായി അലന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഈ ചിത്രങ്ങളില്‍ കാണുന്ന പലരും ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്.

Loading...

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ പല തെളിവുകളും കണ്ടെത്തിയിരുന്നു. അതും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതാണെന്നായിരുന്നു പൊലീസ് വാദം. കൂടുതല്‍ തെളിവുകള്‍ വിദ്യാര്‍ത്ഥികള്‍ക്കതിരെ പുറത്ത് കൊണ്ടു വരികയാണ് പൊലീസ്. കൈയിലുള്ള ഗൗരവം കുറഞ്ഞ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വിടുന്നതെന്നാണ് സൂചന.

ഇതിനെ പറ്റി കൂടുതല്‍ വിശദീകരണം നല്‍കാന്‍ പൊലീസ് തയാറായിട്ടില്ല. ഇന്ന് കോടതി വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനിരിക്കെയാണ് കൂടുതല്‍ തെളിവുകളുമായി പൊലീസ് രംഗത്തെത്തിയിരിക്കുന്നത്.

സിപിഎം പ്രവര്‍ത്തതകര്‍ക്ക് എതിരെ യുഎപിഎ ചുമത്തിയത് വലിയ വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു. ഡിജിപിയുടെ നിര്‍ദേശപ്രകാരം ഇവരെ ഐജി വിശദമായി ചോദ്യം ചെയ്തു. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് യുഎപിഎ ചുമത്താന്‍ പൊലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഐജി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമം കോഴിക്കോട് സ്വദേശി അലയ്ന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. പന്തീരാങ്കാവ് പൊലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പന്തീരാങ്കാവില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അറസ്റ്റ്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്

നിരവധി മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറയുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിദ്യാര്‍ത്ഥികളാണ് രണ്ടുപേരും. മുമ്പ് കോഴിക്കോട് സൗത്ത് എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അംഗമായിരുന്നു അറസ്റ്റിലായ അലയ്ന്‍ ഷുഹൈബ് എന്ന് പൊലീസ് പറഞ്ഞു.

നിരോധിത ഇടതുപക്ഷ സംഘടനയുമായി ബന്ധമുള്ള ആളാണ് ഇവരെന്ന് പൊലീസ് പറയുന്നു. പാലക്കാട് മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തതിനാണ് ഇവര്‍ അറസ്റ്റിലായിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

ഭരണകൂട ഭീകരതയെന്ന് അലന്റെ പിതാവ് ശുഹൈബ് പ്രതികരിച്ചു. സിപിഎം അംഗമാണ് അലന്‍ എന്നും ശുഹൈബ് പറഞ്ഞു.

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചവരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി പ്രതിപക്ഷ രമേശ് ചെന്നിത്തല. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതോടെ സര്‍ക്കാരിന്റെ കിരാത മുഖമാണ് പുറത്താകുന്നത്. ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കുന്ന സര്‍ക്കാരാണ് ഇതെന്നും ആശയ പ്രചരണം നടത്തുന്നവര്‍ക്കെതിരെയല്ല യുഎപിഎ ചുമത്തേണ്ടതെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവെപ്പ് സംബന്ധിച്ച് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് പരസ്യമാക്കണം. സിപിഐ ഉന്നയിക്കുന്ന വാദങ്ങള്‍ പോലും മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ല. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏഴ് പേരെയാണ് വെടിവച്ച് കൊന്നതെന്നും സര്‍ക്കാരിന്റെ മനുഷ്യവേട്ട അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.