കൊച്ചി: പാലാരിവട്ടത്തെ വിദ്വേഷ പ്രസംഗത്തില്‍ കേസില്‍ ഒളിവില്‍ കഴിയുന്ന പിസി ജോര്‍ജജിനായി കൊച്ചി പൊലീസ് അന്വേഷണം തുടരുന്നു. ഗണ്മാനില് നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നും പൊലീസ് വിവരങ്ങള്‍ തേടി. പിസി ജോര്‍ജ് എവിടെ എന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് ഇപ്പോഴും വ്യക്തതയില്ല.
ഇന്നലെ പി.സി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ജോര്‍ജിന്റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തെങ്കിലും വിവരങ്ങള്‍ കിട്ടിയിട്ടില്ല. വീട്ടിലെ സിസിടിവി പൊലീസ് പരിശോധിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പി.സി.ജോര്‍ജ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പുറത്തുപോയത്. തനിക്കൊപ്പം വരേണ്ടതില്ലെന്ന് ഗണ്‍മാനോട് ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. പി.സി.ജോര്‍ജുമായി പുറത്തുപോയ മാരുതി എസ് ക്രോസ് കാര്‍ ഒരു മണിക്കൂറിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ജോര്‍ജ് അതിലുണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിലേക്ക് മാറി പി.സി.ജോര്‍ജ് കടന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കേരളം വിടാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. ആ നിലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.