തിരുവനന്തപുരത്തെ വാളേന്തി പ്രകടനം; പ്രവർത്തകർ ഉപയോഗിച്ചുവെന്ന് കരുതുന്ന വാളുകൾ കണ്ടെത്തി

തിരുവനന്തപുരം: ദുർവാഹിനി പ്രവർത്തകർ നടത്തിയ വിവാദ വാളേന്തി പ്രകടനത്തിൽ ഉപയോ​ഗിച്ചുവെന്ന് കരുതുന്ന വാളുകൾ പിടികൂടി. നാല് വാളുകളും ദണ്ഡും ആണ് പിടികൂടിയത്. വെള്ളറടയിലെ പ്രവർത്തകന്റെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. പിടിച്ചെടുത്ത വാളുകൾ ഫൊറൻസിക് പരിശോധനക്ക് ഹാജരാക്കിയിരിക്കുകയാണ്. അതേസമയം തന്നെ വാളേന്തിയ പെൺകുട്ടികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. തടിയിലുണ്ടാക്കിയ വാളുകളിൽ സ്പ്രേ പെയിൻറ് ചെയ്തതാണെന്ന് പൊലീസ് അറിയിച്ചത്. ഈ വാളുകളാണോ പ്രകടനത്തിൻറെ ദൃശ്യങ്ങളിലുള്ളതെന്ന് വ്യക്തമാകാനാണ് ഫൊറൻസിക് പരിശോധന നടത്തുന്നത്.

വിഎച്ച്പിയുടെ പഠനശിബിരത്തിൻറെ ഭാഗമായാണ് മെയ് 22-ന് പെൺകുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്. പഠന ശിബിരത്തിൻറെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടികളടക്കം ചേർന്ന് വാളുമേന്തി ‘ദുർഗാവാഹിനി’ റാലി നടത്തുകയായിരുന്നു. വിവിധ ജില്ലകളിൽ നിന്നായി 190 പേരാണ് റാലിയിൽ പങ്കെടുത്തത്. സംഭവത്തിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ആയുധനിയമപ്രകാരവും, സമുദായങ്ങൾക്കിടയിൽ മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്.

Loading...