തിരുവനന്തപുരം. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത്കോണ്‍ഗ്രസുകാരെ ഇപി ജയരാജന് മര്‍ദിച്ച കേസില്‍ അന്വേഷണം എങ്ങുമെത്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളില്‍ മര്ദിക്കാര് ശ്രമിച്ചെന്ന കേസില്‍ പ്രതികളായ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് അന്വേഷണം വഴിമുട്ടുവാന് ഉള്ള കാരണം.
യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലഭിച്ച ജാമ്യ വ്യവസ്തയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അതിനാല്‍ കണ്ണൂരില്‍ എത്തി മൊഴി എടുക്കണമെന്നാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. അതേസമയം കണ്ണൂരില്‍ എത്തി മൊഴി എടുക്കില്ലെന്ന നിലപാടിലാണ് വലിയതുറ പോലീസ്.
ഇപി ജയരാജനെതിരെ കേസ് എടുക്കില്ലെന്ന് മുഖ്യമന്ത്രി അടക്കം പറഞ്ഞിട്ടും കോടതിയുടെ ഇടപെടലോടെയാണ് കേസ് രജിസ്ട്രര്‍ ചെയ്തത്. എന്നാല്‍ കേസ് രജിസ്ട്രര്‍ ചെയ്തതിന് അപ്പുറത്തേക്ക് അന്വേഷണം നീങ്ങിയിട്ടില്ല. വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം നടന്ന് 37 ദിവസം കഴിഞ്ഞപ്പോഴാണ് ഇപി ജയരാജനെതിരെ പോലീസ് കേസ് എടുത്തത്.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഇപി ജയരാജനെതിരെ കേസ് എടുത്തിട്ട് ഒരാഴ്ച പിന്നിടുകയാണ്. പരാതിക്കാരായ യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൊഴി എടുക്കലാണ് ആദ്യ ഘട്ടം. അതിനായി ഫര്സീന് മജീദിനോടും നവീന്‍ കുമാറിനോടും പോലീസ് സ്റ്റേഷനില്‍ എത്താന്‍ നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം തിരുവനന്തപുരത്ത് എത്തിയാല്‍ ജാമ്യവ്യവസ്ത ലംഘിച്ചെന്ന് കാണിച്ച് ജാമ്യം റദ്ദാക്കുവാനാണ് പോലീസ് നീക്കമെന്ന് യൂത്ത്കോണ്‍ഗ്രസ് ആരോപിക്കുന്നു. പോലീസ് രേഖമൂലം നോട്ടീസ് നല്കി വിളിക്കുന്നതിനാല്‍ ജാമ്യ ഉപാധി തടസമാവില്ലെന്ന് പോലീസ് പറയുന്നു.