നഗ്‌നഫോട്ടോഷൂട്ട് വിവാദം; രണ്‍വീര്‍ സിങ്ങിനെ ചോദ്യം ചെയ്യാന്‍ പൊലീസ്

നഗ്‌നഫോട്ടോഷൂട്ട് വിവാദത്തില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനെ ചോദ്യം ചെയ്യാന്‍ പൊലീസ്. ചേംബര്‍ പൊലീസ് സ്റ്റേഷനില്‍ ആഗസ്റ്റ് 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. നടന് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ 21ന് സമൂഹമാധ്യമങ്ങളില്‍ തന്റെ നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ പരാതിയിലാണ് ചേംബര്‍ പൊലീസ് രണ്‍വീര്‍ സിങ്ങിനെതിരെ കേസെടുത്തത്.പേപ്പര്‍ മാഗസിനുവേണ്ടിയായിരുന്നു രണ്‍വീര്‍ നഗ്‌ന ഫോട്ടോ ഷൂട്ട് നടത്തിയത്. ഒരു ടര്‍ക്കിഷ് പരവതാനിയില്‍ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. 70കളിലെ പോപ് താരം ബര്‍ട്ട് റെയ്‌നോള്‍ഡ്‌സിന്റെ വിഖ്യാതമായ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഫോട്ടോഷൂട്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292 (അശ്ലീല വസ്തുക്കള്‍ പ്രസിദ്ധീകരിക്കുന്നത്, കൈകാര്യം ചെയ്യുന്നത്), 293 ( അശ്ലീല വസ്തുക്കള്‍ വില്‍ക്കല്‍), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യങ്ങള്‍ അല്ലെങ്കില്‍ പ്രവൃത്തി), സെക്ഷന്‍ 67 കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000 (ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Loading...