രാജസ്ഥാനിലെ രാഷ്ട്രീയ നാടകം; ഗെലോട്ടിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കില്ല

ന്യൂഡല്‍ഹി. മുഖ്യമന്ത്രി സ്ഥാനത്തിനായി രാജസ്ഥാനില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാനുള്ള ഗാന്ധി കുടുംബത്തിന്റെ തീരുമാനം പുനപരിശോധിച്ചേക്കുമെന്ന് സൂചന. രാജസ്ഥാനിലെ രാഷ്ട്രീയ നാടകത്തിലൂടെ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആകുവാന്‍ അര്‍ഹതയില്ലെന്ന് ഗെലോട്ട് തെളിയിച്ചുവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായിട്ടാണ് അശോക് ഗെലോട്ടിനെ അവതിരിപ്പിച്ചത്. എന്നാല്‍ ആദ്യം മുതലെ മുഖ്യമന്ത്രി സ്ഥാനം ഒഴിയുവാന്‍ ഗെലോട്ട് കൂട്ടാക്കിയിരുന്നില്ല. തന്റെ എതിരാളിയായ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതില്‍ കടുത്ത എതിര്‍പ്പാണ് അശോക് ഗെലോട്ട് പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ അശോക് ഗെലോട്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമ്പോള്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുവനായിരുന്നു സോണിയ ഗാന്ധി തീരുമാനിച്ചിരുന്നത്. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നേക്കുമെന്ന സൂചനയുള്ളത്.

Loading...

സോണിയ ഗാന്ധി നേരിട്ടാണ് ഗെലോട്ടിനെ അധ്യക്ഷനാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രാജസ്ഥാനിലെ തര്‍ക്കം രൂക്ഷമായതോടെ മുതിര്‍ന്ന പല നേതാക്കള്‍ക്കും കടുത്ത എതിര്‍പ്പാണ് വിഷയത്തില്‍ ഉയര്‍ന്ന് വന്നത്. ഗെലോട്ടിന് പകരം ദിഗ്വിജയ് സിങ്, കമല്‍നാഥ്, മുകുള്‍ വാസ്‌നിക് എന്നിവരെയാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെയാണ് സോണിയ ഗാന്ധി നിര്‍ദേശിച്ചത് എന്നാല്‍ ഗെലോട്ട് പക്ഷത്തുള്ള എംഎല്‍എമാര്‍ സച്ചിനെ അംഗീകരിക്കുവാന്‍ തയ്യാറായില്ല. തുടര്‍ന്ന് 92 എംഎല്‍എമാര്‍ രാജി ഭീഷണി മുഴക്കിയതോടെ തര്‍ക്കം രൂക്ഷമാകുകയായിരുന്നു. എംഎല്‍എമാരുടെ ഈ നീക്കമാണ് ഗെലോട്ടിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കുവാനുള്ള തീരുമാനത്തില്‍ നിന്നും നേതൃത്വത്തെ പിന്നോട്ട് വലിച്ചത്. നിര്‍ണായക സമയത്ത് പാര്‍ട്ടിയെ ഗെലോട്ട് അപമാനിച്ചെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.