പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: പരിശോധനയ്ക്ക് വിധേയരാക്കിയത് 99 പേരെ: തലസ്ഥാനത്തെ അഞ്ച് പൊലീസുകാർക്ക് കൂടി കൊവിഡ്

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 59 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആൻറിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. 59 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുഴുവൻ തടവുകാർക്കും കൊവിഡ് പരിശോധന നടത്തും. ഇതാദ്യമായാണ് പൂജപ്പുര ജയിലിൽ കൊവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്. തലസ്ഥാനത്തെ അഞ്ച് പൊലീസുകാർ കൂടി കൊവിഡ് ബാധിതരായി. 99 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജയിലിലെ നിരീക്ഷണ കേന്ദ്രം ഓഡിറ്റോറിയമാക്കി. 1200 തടവുകാരാണ് പൂജപ്പുര സെൻട്രൽ ജയിലിലുള്ളത്.

അതേസമയം മുഴുവൻ കൊവിഡ് രോഗികളുടെയും ടെലിഫോൺ റെക്കോർഡ് ശേഖരിക്കാനുള്ള പൊലീസ് തീരുമാനം വിവാദത്തിലായി. രോഗിയായതിൻറെ പേരിൽ ഒരാളുടെ ടെലിഫോൺ രേഖകൾ ശേഖരിക്കുന്നത്, മൗലികാവകാശ ലംഘനമാണെന്നാണ് നിയമവിദഗ്‍ധർ ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് രോഗികളോട് സംസാരിക്കാനുള്ള തടസ്സങ്ങൾ മൂലമാണ് ഫോൺ വിശദാംശങ്ങൾ ശേഖരിക്കുന്നതെന്നാണ് പൊലീസിൻറെ വിശദീകരണം. രോഗികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും കോൾ വിശദംശങ്ങൾ പൊലീസ് ദുരുപയോഗം ചെയ്തേക്കാമെന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്. എന്നാൽ സമ്പർക്കപട്ടിക്ക തയ്യാറാക്കൽ എളുപ്പമാക്കാനാണ് സിഡിആർ ശേഖരിക്കുന്നതെന്നാണ് പൊലീസ് വിശദീകരണം.

Loading...

ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നവരുടെയോ, അന്വേഷണം നേരിടുന്നവരുടെയോ ഫോൺ വിളി വിശദാംശങ്ങളാണ് സാധാരണ പൊലീസ് ശേഖരിക്കാറുള്ളത്. ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് പ്രകാരം രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള ഗുരുതര പ്രശ്‍നങ്ങളിൽ മാത്രമേ ഫോൺ റെക്കോഡോ, വിശദാംശങ്ങളോ ശേഖരിക്കാവു.