പൂന്തുറയിൽ കോവിഡ് വ്യാപനം അതീവ ​ഗുരുതരം: 600 സാംപിളുകൾ പരിശോധിച്ചതിൽ 119 പേർക്ക് പോസിറ്റീവ്

തിരുവനന്തപുരം: പൂന്തുറയിൽ കോവിഡ് വ്യാപനം അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്. കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാംപിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവായി കണ്ടു. കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി.

പുറത്തുനിന്ന് ആളുകൾ എത്തുന്നത് കർക്കശമായി തടയും. അതിർത്തികൾ അടച്ചിടും. കടൽ വഴി ആളുകൾ പൂന്തുറയിൽ എത്തുന്നത് തടയാൻ കോസ്റ്റൽ പൊലീസിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പൊലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദേശം നൽകി.

Loading...

പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകും. കൂടുതൽ ആളുകൾക്കു പരിശോധന നടത്തും. പൂന്തുറയിലെ മൂന്നു വാർഡുകളിൽ നാളെ മുതൽ മുതൽ ഓരോ കുടുംബത്തിനും അഞ്ചു കിലോ വീതം സൗജന്യ റേഷൻ നൽകും. ഇതിനു കലക്ടർക്ക് നിർദേശം നൽകി.കോവിഡ് ബാധ തടയുന്നതിന്‍റെ ഭാഗമായി പൂന്തുറ ഭാഗത്തുനിന്നു തമിഴ്നാട്ടിലേക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവയ്ക്ക് നിർദേശം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.