ട്രംപിന്റെ പ്രവര്‍ത്തനം കണ്ടശേഷം വിലയിരുത്താം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ജനാധിപത്യ സിദ്ധാന്തത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളില്‍ ആശങ്കപ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. രാഷ്ട്രീയപ്രതിസന്ധികളാണ് ഹിറ്റ്‌ലര്‍ പോലെയുള്ള ഏകാധിപതികളെ സൃഷ്ടിക്കുന്നതെന്നും പോപ്പ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പോപ്പ്. സ്പാനിഷ്‌ ദിനപത്രമായ ‘എല്‍ പെയ്‌സിന്’ നല്‍കിയ അഭിമുഖത്തിലാണ് പോപ്പിന്റെ പ്രതികരണം. ട്രംപിനെ ഇപ്പോള്‍ വിലയിരുത്താന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ കണ്ടശേഷമേ താന്‍ അദ്ദേഹത്തെ വിലയിരുത്തു. എന്നാല്‍ വിദേശികളെ മതിലുകളും മുള്ളുവേലികളും നിര്‍മ്മിക്കുമെന്നത് അപലപനീയമാണെന്നും പോപ്പ് പറഞ്ഞു. മെക്‌സിക്കന്‍ അഭയാര്‍ത്ഥികളെ തടയാന്‍ വന്‍മതില്‍ പണിയുമെന്ന ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1933ല്‍ ജര്‍മ്മനിയിലാണ് ഇത്തരത്തില്‍ വലിയൊരു വെല്ലുവിളി ഉണ്ടായത്. ജനങ്ങള്‍ തെരഞ്ഞെടുത്തയാളാണ് ഹിറ്റ്‌ലര്‍, അല്ലാതെ അധികാരം അയാള്‍ മോഷ്ടിച്ചെടുത്തതല്ല. വോട്ട് ചെയ്ത സ്വന്തം ജനതയെ തന്നെ ഹിറ്റ്‌ലര്‍ നശിപ്പിച്ചുവെന്നും പോപ്പ് ചൂണ്ടിക്കാട്ടി. അതേസമയം, ട്രംപിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് മാര്‍പാപ്പ സന്ദേശം അയച്ചു. അമേരിക്കയുടെ ഭാവി രൂപപ്പെടുത്തുന്നതിന് മൂല്യങ്ങളില്‍ ഊന്നികൊണ്ടുള്ള തീരുമാനങ്ങള്‍ എടുക്കുന്നതിന് പ്രസിഡന്റിന് കഴിയട്ടെ എന്നു സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ഥിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു. ലോക മാനവ സമൂഹം ഇന്നഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പാവപ്പെട്ടവരുടേയും നിഷ്‌കാസിതരുടേയും ഉന്നമനത്തിനും കഴിഞ്ഞ കാലങ്ങളില്‍ അമേരിക്കന്‍ ജനത നിര്‍വ്വഹിച്ച ചരിത്രപരമായ കടപ്പാടുകള്‍ തുടര്‍ന്നും നിറവേറ്റി ലോകത്തിന് ഒരു മാതൃകയായി രാജ്യത്തെ വാര്‍ത്തെടുക്കുന്നതിന് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് കഴിയുമെന്നും പോപ്പ് പ്രത്യാശ പ്രകടപ്പിച്ചു. ട്രംപിനും കുടുംബാംഗങ്ങള്‍ക്കും അമേരിക്കന്‍ ജനതയ്ക്കും ആത്മീകവും ഭൗതീകവുമായ എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നതിന് ദൈവത്തോട് പ്രാര്‍ഥിക്കുന്നു എന്ന് ഉറപ്പു നല്‍കി കൊണ്ടാണ് പോപ്പ് തന്റെ സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.

Loading...