ചരിത്രപരമായ ക്ഷണം; ഉത്തര കൊറിയയിലേക്ക് മാര്‍പാപ്പയെ ക്ഷണിച്ച് കിം ജോങ് ഉന്‍

സിയോള്‍: ലോകത്ത് ഏറ്റവും അധികം െ്രെകസ്തവ പീഡനം നടക്കുന്ന ഉത്തര കൊറിയയിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയെ ക്ഷണിച്ച് ഏകാധിപതി കിം ജോങ് ഉന്‍. കൊറിയന്‍ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പാപ്പയുടെ സഹായം അഭ്യര്‍ത്ഥിച്ച് അടുത്ത ആഴ്ച ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹം കിം ജോങ് ഉന്നിന്റെ ക്ഷണം പാപ്പയെ അറിയിക്കും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വക്താവായ കിം യൂയി കിയോംയാണ് കത്തോലിക്ക വിശ്വാസിയായ മൂണ്‍ ജെയുടെ രണ്ടു ദിവസത്തെ വത്തിക്കാന്‍ സന്ദര്‍ശനത്തിനെ കുറിച്ചും, കിം ജോങ് ഉന്നിന്റെ ക്ഷണത്തെ പറ്റിയും ഉള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.

ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തര കൊറിയ സന്ദര്‍ശിക്കുകയാണെങ്കില്‍ തങ്ങള്‍ മാര്‍പാപ്പയ്ക്ക് ആവേശമുണര്‍ത്തുന്ന സ്വീകരണം നല്‍കുമെന്ന് കിം ജോങ് ഉന്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെയോട് പറഞ്ഞതായി കിം യൂയി കിയോം പറഞ്ഞു. വിഷയത്തില്‍ വത്തിക്കാന്റെ പ്രതികരണം വന്നിട്ടില്ലായെങ്കിലും പാപ്പയുടെ ഉത്തര കൊറിയന്‍ സന്ദര്‍ശനത്തിനു സാധ്യത വിരളമാണെന്നാണ് സൂചന. ക്രൈസ്തവ വിശ്വാസികള്‍ വലിയ മത പീഡനം നേരിടുന്ന ഉത്തര കൊറിയയില്‍ ഇതുവരെ ഒരു മാര്‍പാപ്പയും സന്ദര്‍ശനം നടത്തിയിട്ടില്ല. ഇതിനു മുന്‍പും അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ മാര്‍പാപ്പമാരെ രാജ്യത്തു കൊണ്ടുവരാന്‍ ഉത്തര കൊറിയ ശ്രമിച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ അതൊന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല.

Top