ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകന്റെ പരിശോധനാഫലം നെഗറ്റീവ്

തൊടുപുഴ: കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് ആശങ്ക പടര്‍ത്തിയ കൊറോണ ബാധിതനായിരുന്നു ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍. ഇയാളുമായി ഇടപഴകിയതിന്റെ പേരില്‍ ആയിരത്തോളം പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയേണ്ടിവന്നത്. ഈ പൊതുപ്രവര്‍ത്തകന്റെ രണ്ടാമത്തെ ശ്രവപരിശോധനാ ഫലം നെഗറ്റീവ് ആയിരിക്കുകയാണ്. ഇനി അടുത്ത ഫലം കൂടി നെഗറ്റീവായാല്‍ ഇയാള്‍ക്ക് വീട്ടിലേക്ക് മടങ്ങാം.

അതേസമയം ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ സുഹൃത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലാ ഭരണകൂടം ഞായറാഴ്ച വൈകീട്ടാണ് ഇക്കാര്യം അറിയിച്ചത്. പൊതുപ്രവര്‍ത്തകനെ 26-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷം ശേഖരിച്ച സ്രവത്തിന്റെ പരിശോധനാഫലമാണ് ഞായറാഴ്ച പുറത്തുവന്നത്. 26 ന് വന്ന പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുതന്നെ രണ്ടാമതും സ്രവം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതാണ് നെഗറ്റീവായത്.

Loading...

പൊതുപ്രവർത്തകനുമായി ഇടപഴകിയ ആയിരത്തിലേറെ ആളുകളാണ് നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരിൽ കൂടുതൽ പേരുടെ പരിശോധനഫലം അടുത്ത ദിവസങ്ങളിൽ ലഭിക്കും.തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള പൊതുപ്രവര്‍ത്തകന്റെ മൂന്നാമത്തെ പരിശോധനാഫലം തിങ്കളാഴ്ചയാണ് ലഭിക്കുക.

ഫലം നെഗറ്റീവായി രോഗമില്ലെന്ന് സ്ഥിരീകരിച്ചാലും അടുത്ത 28 ദിവസംകൂടി തുടർന്നും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. വൈറസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് കേരളം മുഴുവൻ യാത്ര ചെയ്ത നിരവധി വ്യക്തികളുമായി ഇടപഴകിയതിന്റെ പേരിൽ മുഖ്യമന്ത്രിയടക്കമുള്ളവർ നേരത്തെ ഇദ്ദേഹത്തെ വിമർശിച്ചിരുന്നു.