പ്രവാസി ഇന്ത്യക്കാര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം; അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് പോസ്റ്റല്‍ വോട്ടിന് അവസരമൊരുങ്ങുന്നു. പോസ്റ്റല്‍ വോട്ട് അനുവദിക്കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. കേരളമടക്കം അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാനാകുമെന്നും കമ്മീഷന്‍. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ട് അനുവദിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ ലാപ്‌സായി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പ്രവാസി വോട്ടവകാശ ചര്‍ച്ചകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സജീവമാക്കിയത്. കഴിഞ്ഞയാഴ്ചയാണ് പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ സജ്ജമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമ കാര്യ മന്ത്രാലയത്തെ അറിയിച്ചത്.

പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതില്‍ സാങ്കേതികവും ഭരണപരവുമായി സജ്ജമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം വഴി വിദേശ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നല്‍കാമെന്നാണ് കമ്മീഷന്‍ നിലപാട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനകം വോട്ട് ചെയ്യേണ്ടവര്‍ റീട്ടെര്‍ണിങ് ഓഫിസറെ അറിയിക്കുക. ഓഫിസര്‍ വിതരണം ചെയ്യുന്ന ഇലക്ട്രോണിക് ബാലറ്റ് പേപ്പറില്‍ വോട്ട് രേഖപ്പെടുത്തി നയതന്ത്ര പ്രതിനിധിയുടെ സാക്ഷ്യപത്രം വാങ്ങുക. ഇതാണ് കമ്മീഷന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച രൂപരേഖ. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് റിട്ടേണിങ് ഓഫീസര്‍ക്ക് തന്നെ അയക്കണമോ എംബസികളില്‍ നിക്ഷേപിക്കണമോയെന്ന് വ്യക്തമായിട്ടില്ല.

Loading...

കേരളമടക്കം അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പ്രവാസി വോട്ട് നടപ്പില്‍ വരുത്താനാകുമെന്ന് കമ്മീഷന്‍ പറയുന്നു. 60 ലക്ഷം പ്രവാസികള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏകദേശ കണക്ക്. പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ പാര്‍ലമെന്റ് അനുമതി ആവശ്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം.പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ 1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്താല്‍ മതിയെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമ്മതമറിയിച്ചതോടെ അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതാണ്.