സംസ്‌ഥാനത്തു ലോക്ക് ഡൗണിനൊപ്പം കോഴി തീറ്റ വിലയും വര്‍ധിച്ചതോടെ പ്രതിസന്ധിയിലായി നാട്ടിലെ കോഴി ഫാം ഉടമകള്‍. നിലവിൽ തമിഴ്‌നാട്ടില്‍നിന്ന് കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് വളര്‍ത്തിയാണ് കേരളത്തിലെ ചെറുകിട കോഴിഫാം ഉടമകള്‍ വില്‍പന നടത്തുന്നത്. ഇങ്ങനെ വളര്‍ത്താന്‍ നിലവിലെ സാഹചര്യത്തില്‍ ഒരു കോഴിക്ക് നൂറ് രൂപയോളം ചെലവ് വരും. എന്നാല്‍ ഇതിലും കുറവ് വിലയില്‍ തമിഴ്‌നാട്ടിലെ വൻകിട കമ്പനികള്‍ കേരളത്തിലെ കടകളില്‍ കോഴി എത്തിക്കും. ഇതോടെ നാട്ടിലെ ഫാമില്‍ നിന്ന് ഉയര്‍ന്ന വില നല്‍കി കോഴിയെ വാങ്ങാന്‍ ആരും തയ്യാറാകില്ല.
ഫലത്തില്‍ തമിഴ്‌നാട്ടിലെ വന്‍കിട കമ്പനികള്‍ നിശ്ചിയിക്കുന്ന വിലയില്‍ കേരളത്തിലെ ചെറുകിട ഫാം ഉടമകളും കോഴിയെ വില്‍ക്കേണ്ടിവരും. രണ്ടു മാസത്തിനുള്ളില്‍ ഒരു ചാക്ക് കോഴി തീറ്റയ്ക്ക് അഞ്ഞൂറ് രൂപയോളം വര്‍ധിക്കുകയും ചെയ്തു. കേരളത്തിനാവശ്യമായ കോഴി തീറ്റയും കോഴി കുഞ്ഞുങ്ങളെയും ഇവിടെ തന്നെ ഉത്പാദിപ്പിക്കാന്‍ സാധിച്ചാല്‍ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നും സർക്കാർ ഈ കാര്യത്തിൽ ഇടപെടണമെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു.