ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ചര്‍ച്ചകള്‍ മുറുകുന്നു

പി.പി. തങ്കച്ചനെയും പി.സി. ചാക്കോയെയും രാജ്യസഭയിലേക്കും; കെ. സുധാകരന്‍ യുഡിഎഫ് കണ്‍വീനറായും, കെ മുരളീധരനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേയ്ക്കും നിര്‍ദേശിക്കാന്‍ സാധ്യത.

തിരുവനന്തപുരം: രാജ്യസഭാ സീറ്റുകളെപ്പെറ്റിയുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നു. തിരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ കോണ്‍ഗ്രസ്സില്‍ ഇതുസംബന്ധിച്ച ആലോചനകള്‍ പുരോഗമിച്ചു വരുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം രാജ്യസഭാ സീറ്റുകള്‍ എന്നിവയിന്മേലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇപ്രാവശ്യം രാജ്യസഭാ സീറ്റ് തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.

വയലാര്‍ രവി, പി. രാജീവ്, എം.പി. അച്യുതന്‍ എന്നിവര്‍ വിരമിക്കുന്ന രാജ്യസഭാ സീറ്റുകളിലേക്കാണ് ചര്‍ച്ചകള്‍. നിയമസഭയിലെ കക്ഷിനിലവെച്ച് യു.ഡി.എഫിനു ലഭിക്കുന്ന രണ്ടു സ്ഥാനങ്ങളില്‍ ഒന്ന് ഘടകകക്ഷികള്‍ക്ക് നല്‍കേണ്ടിവരും. എല്‍.ഡി.എഫിനു ഒരു സീറ്റാണ് ലഭിക്കുക. മുസ്ലിംലീഗിനും ജനതാദള്‍ യുണൈറ്റഡിനും നേരത്തെതന്നെ സീറ്റ് വാഗ്ദാനമുള്ളതാണ്. ഈ സര്‍ക്കാരിന്റെ കാലാവധി തീരുംമുമ്പ് അടുത്ത വര്‍ഷം ഏപ്രിലിലും മൂന്ന് സ്ഥാനങ്ങള്‍ ഒഴിയും. അന്നും യു.ഡി. എഫിന് രണ്ട് സ്ഥാനങ്ങള്‍ ലഭിക്കാം. എ.കെ. ആന്റണി, ടി.എന്‍. സീമ, കെ.എന്‍. ബാലഗോപാല്‍ എന്നിവരാണ് അടുത്തവര്‍ഷം ഒഴിയുന്നത്.

Loading...

രാജ്യസഭാ എം.പി. സ്ഥാനം സ്ഥിരം സംവിധാനമാകരുതെന്ന വാദമാണ് ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. സ്ഥാനമൊഴിയുന്ന വയലാര്‍ രവി മൂന്നുപ്രാവശ്യം രാജ്യസഭയിലെത്തി. എ.കെ. ആന്റണി നാലുപ്രാവശ്യം തിരഞ്ഞെടുക്കപ്പെട്ടു. പി.ജെ. കുര്യനും മൂന്നാംവട്ടമാണ് ഉപരിസഭയില്‍ എത്തുന്നത്. എന്നാല്‍ വയലാര്‍ രവി തന്നെ വീണ്ടും സീറ്റ് ആഗ്രഹിച്ചാല്‍ അദ്ദേഹത്തെ അവഗണിക്കാന്‍ സാധ്യതയില്ല. യു.ഡി.എഫ്. കണ്‍വീനര്‍ പി.പി. തങ്കച്ചനെയാണ് ഐ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം മത്സരരംഗത്ത് നിന്ന് മാറുമ്പോള്‍ തന്നെ ഇത്തരം ചര്‍ച്ചകളുണ്ടായിരുന്നു. ഇതിനിടെ ഗവര്‍ണര്‍ നിയമനം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയും രമേശും ഒരുമിച്ച് തങ്കച്ചന്റെ പേര് നിര്‍ദേശിച്ചെങ്കിലും നടന്നില്ല.

പി.സി. ചാക്കോയുടെ പേരും സ്ഥാനാര്‍ഥിത്വത്തിനായി ഉയരുന്നുണ്ട്. പാര്‍ട്ടിയുടെ ദേശീയ വക്താവായ ഇദ്ദേഹത്തിന്റെ സേവനം ഡല്‍ഹിയില്‍ ആവശ്യമാണെന്നതാണ് ഇതിന് കാരണമായി പറയുന്നത്. അതേസമയം, ആന്റണിക്കും കുര്യനും പുറമെ അതേ വിഭാഗത്തില്‍ നിന്നുതന്നെ ആരെങ്കിലും വരുന്നത് സാമുദായിക സന്തുലനം തെറ്റിക്കുമെന്ന വാദവും ചിലര്‍ ഉയര്‍ത്തുന്നു.

പി.പി. തങ്കച്ചന്‍ രാജ്യസഭയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ടാണ് യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍. അദ്ദേഹം എം.പി.യായാല്‍ കണ്‍വീനര്‍ സ്ഥാനമൊഴിയും. അങ്ങനെ ഒഴിവ് വന്നാല്‍ തനിക്ക് കണ്‍വീനറാകാന്‍ താത്പര്യമുണ്ടെന്ന് കെ. സുധാകരന്‍ പറഞ്ഞു. ഇരുവരും ഐ ഗ്രൂപ്പിലായതിനാല്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. തങ്കച്ചന് സ്ഥാനാര്‍ഥിത്വം ലഭിച്ചില്ലെങ്കില്‍ അദ്ദേഹം കണ്‍വീനര്‍ സ്ഥാനത്ത് തുടരും.

ഇതിനിടെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് കെ.മുരളീധരന്റെ പേര് ഉയര്‍ന്നതും ഐ ഗ്രൂപ്പിന്റെ താത്പര്യപ്രകാരമാണ്. സ്പീക്കര്‍ സ്ഥാനം എ ഗ്രൂപ്പിന് പോയതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഐ ക്ക് വേണമെന്നാണ് വാദം. എന്നാല്‍ കെ.പി.സി.സി. പ്രസിഡന്റും വൈദ്യുതിമന്ത്രിയുമൊക്കെയായിരുന്ന മുരളീധരന്‍ ഡെപ്യൂട്ടി സ്പീക്കറാകുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ചയെ താഴേക്ക് കൊണ്ടുപോകാനേ ഉപകരിക്കൂവെന്ന് ചിന്തിക്കുന്ന അഭ്യുദയകാംക്ഷികളുമുണ്ട്.

ഐ ഗ്രൂപ്പ് അണികളില്‍ ഇപ്പോഴും ഗണ്യമായ സ്വാധീനമുള്ള മുരളീധരന്‍ ഡെപ്യൂട്ടി സ്പീക്കറാകുന്നതിലൂടെ ഭാവിയില്‍ പരിഗണിക്കാവുന്ന ഒന്നാംനിര സ്ഥാനങ്ങളില്‍നിന്ന് അദ്ദേഹം ഒഴിച്ചുനിര്‍ത്തപ്പെടുമെന്നാണ് അവരുടെ വാദം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മുരളീധരന്റെ താത്പര്യവും കൂടി കണക്കിലെടുത്തായിരിക്കും.