വധുവിനെ കണ്ടെത്തി, പ്രഭാസിന്റെ വിവാഹം അടുത്തവര്‍ഷം ആദ്യം

ബാഹുബലിക്ക് ശേഷം പ്രഭാസിന് വിവാഹമുണ്ടാകുമെന്ന് പ്രഭാസിന്റെ കുടുംബത്തില്‍ നിന്നും വിശദീകരണം വന്ന ശേഷം ആരാധകര്‍ ഉറ്റുനോക്കുന്നത് പ്രഭാസിന്റെ വിവാഹമാണ് . പ്രായം 37 പിന്നിട്ടു. എന്നാല്‍ വിവാഹം തീരുമാനിച്ചു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വീട്ടുകാര്‍ തന്നെയാണ് വധുവിനെ കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വലിയ ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയെയാണ് പ്രഭാസിന് വധുവായി വീട്ടുകാര്‍ കണ്ടെത്തിയത്.

റാസി സിമന്റ്‌സിന്റെ ചെയര്‍മാന്‍ ഭൂപതി രാജയുടെ കുടുംബമാണ് വിവാഹാലോചനയുമായി പ്രഭാസിന്റെ കുടുംബത്തിലെത്തിയത്. രണ്ടു കുടുംബങ്ങളും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചയിലാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകിച്ചിട്ടില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടാകുെമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Loading...

ഇത്രയും നാള്‍ ബാഹുബലിയ്ക്ക് വേണ്ടി വിവാഹം നീട്ടി വയ്ക്കുകയായിരുന്നു.  കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഹുബലി എന്ന ഒരേ ഒരു ചിത്രത്തിന്റെ പിന്നാലെയായിരുന്നു പ്രഭാസ്. അതിനിടയില്‍ വന്ന വിവാഹാലോചനകളെല്ലാം നടന്‍ തട്ടിമാറ്റി. ബാഹുബലി ബിഗിനിങിന് ശേഷം ആറായിരത്തോളം വിവാഹാലോചനകള്‍ പ്രഭാസിന് വന്നു എന്നായിരുന്നു വാര്‍ത്തകള്‍.
നേരത്തെ പ്രഭാസിന്റെ വധുവെന്ന പേരില്‍ തെലുങ്ക് നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രഭാസിന്റെ കുടുംബം ഇത് തള്ളിയിരുന്നു. അതിന് ശേഷം ബാഹുബലി നായിക അനുഷ്‌കയുമായി ചേര്‍ത്തും ഗോസിപ്പുകള്‍ പടര്‍ന്നു. എന്നാല്‍ അനുഷ്‌കയും ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.