തൃശൂർ: കൂനൂരിലെ ഹെലികോപ്ടർ അപകടത്തിൽ കേരളത്തിലും നഷ്ടമായിരുന്നു ദീരനായ സൈനികനെ. തൃശൂർ സ്വദേശിയ ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപിന്റെ ജന്മനാട് നടുക്കത്തിൽ നിന്ന് ഇതുവരെ വിട്ടുമാറിയിട്ടുമില്ല. മൃതദേഹം മറ്റന്നാളോടെയാണ് നാട്ടിലെത്തിക്കുക. വിശദമായ ഡിഎൻഎ പരിശോധനക്ക് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക. സംസ്കാരത്തിന്റെ കാര്യത്തിൽ പിന്നീട് ആകും തീരുമാനമെടുക്കുക.ദില്ലിയിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ തുടങ്ങുമെന്നാണ് കോയമ്പത്തൂരിലുള്ള പ്രദീപിന്റെ സഹോദരൻ പ്രസാദിന് കിട്ടിയിട്ടുള്ള വിവരം.
ഡിഎൻഎ പരിശോധനക്ക് ശേഷമാണ് മൃതദേഹം നാട്ടിലെത്തിക്കുക. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം എന്നതിനാൽ വിശദമായ ഡിഎൻഎ പരിശോധന ആവശ്യമാണ്. പ്രദീപിന്റെ ഭാര്യയും സഹോദരനും കോയമ്പത്തൂരിൽ തുടരുകയാണ്. ഇവരിൽ നിന്ന് ഡിഎൻഎ ശേഖകരിച്ചിട്ടില്ലെന്നാണ് സർക്കാർ ബന്ധപ്പെട്ടപ്പോൾ അറിയിച്ചത്. പാറമേക്കാവ് ശാന്തി ഗട്ടിൽ സംസ്കാരം നടത്താനാണ് കുടുംബം ആലോചിക്കുന്നത്. പൊന്നുകരയിലെ പ്രദീപിന്റെ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. ജോലിക്കായി നാട്ടിൽ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം തുടർന്നിരുന്നു പ്രദീപ്. നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. രോഗിയായ അച്ഛൻ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളുമാണ് വീട്ടിൽ ഉള്ളത്.