ആര്‍. ബാലകൃഷ്ണപിള്ളയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് പീഡനകേസില്‍ പിടിയിലായി

വൈക്കം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കൊട്ടാരക്കര കിഴക്കേതെരുവ് എം.ജി.ജോസ് പ്രകാശിനെ(56) പോലീസ് അറസ്റ്റ് ചെയ്തു. 2014-ലാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടിയെ ജോസ് പ്രകാശ് പീഡിപ്പിച്ചത്. ഒന്നരവര്‍ഷം മുമ്പാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2018-ല്‍ പോലീസ് കേസെടുത്തിരുന്നു. മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നയാളാണ് ജോസ് പ്രകാശ്.

സംഭവം പുറത്തുപറഞ്ഞാല്‍ വീട്ടുകാരെ ഉള്‍പ്പെടെ പെട്രോള്‍ ഒഴിച്ച് കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തി സംഭവം മൂടിവച്ചിരിക്കുകയായിരുന്നു. 2018 ല്‍ ആദ്യകുര്‍ബാനയ്ക്ക് തലേന്ന് കുമ്ബസാരവേളയില്‍ ഇടവക വികാരിയോട് പെണ്‍കുട്ടി പീഡനം തുറന്നുപറഞ്ഞു. അന്ന് മാതാവിന്റെ പരാതിയില്‍ പൊലീസ് പ്രാഥമീകാന്വേഷണം നടത്തിയെങ്കിലും കേസ് പൂഴ്ത്തിവയ്ക്കപ്പെട്ടു. പാലാ മജിസ്‌ട്രേറ്റിന് നേരിട്ട് മൊഴികൊടുത്തിട്ടും നടപടി നീണ്ടുപോയി. അടുത്തിടെ വൈക്കം സ്റ്റേഷനില്‍ സ്ഥലംമാറി എത്തിയ ഇന്‍സ്‌പെക്ടര്‍ തീരാതെകിടന്ന കേസുകളുടെ ഫയല്‍ പരിശോധിച്ചപ്പോഴാണ് പീഡന കഥ പൊങ്ങിവന്നത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച പ്രതിയെ വൈക്കത്തുള്ള ഏഴാം ഭാര്യയുടെ വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.

ജോസ് പ്രകാശ് അകത്തായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇയാളുടെ പീഡനത്തിന് ഇരയായ ഭാര്യമാരുടെ ദുരന്തകഥകളും പുറത്തുവരികയാണ്. പുനലൂര്‍, കൊട്ടാരക്കര, ചെങ്ങന്നൂര്‍, ഉല്ലല, കല്ലട, ചാത്തന്നൂര്‍, അടൂര്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ക്ക് ഭാര്യമാരും മക്കളുമുള്ളത്. വിവാഹമോചിതനാണെന്നും ഉത്തരേന്ത്യയില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ ആണെന്നുമൊക്കെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് സ്ത്രീകളെ വലയിലാക്കിയത്. ഓരോ സ്ത്രീകള്‍ക്കൊപ്പവും കുറേക്കാലം താമസിക്കുകയും ഒന്നോ രണ്ടോ മക്കള്‍ ആയിക്കഴിയുമ്‌ബോള്‍ സ്വത്തുക്കള്‍ അടിച്ചുമാറ്റി സ്ഥലം വിടുകയാണ് പതിവ്. ഏറെക്കാലം കൂടെ കഴിഞ്ഞ കൊട്ടാരക്കര സ്വദേശിനി 13 വര്‍ഷം വിദേശത്ത് ജോലി ചെയ്ത സമ്ബാദ്യം മുഴുവന്‍ ജോസ് പ്രകാശ് കൈക്കലാക്കിയെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനിടെ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ കോട്ടയത്തെ ഒരു വൃദ്ധന്റെ 2.65 ലക്ഷംരൂപ തട്ടിയെടുക്കുകയും ചെയ്തു. കടമറ്റത്ത് കത്തനാരുടെ സേവയുണ്ടെന്ന് പറഞ്ഞാണ് മന്ത്രവാദം നടത്തിയത്.