മലിനീകരണം കൊണ്ട് ആരും മരിക്കുന്നില്ല; പരിസ്ഥിതി മന്ത്രി

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറഞ്ഞാല്‍ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം കൂടുമെന്ന ലാന്‍സെറ്റ് പഠനത്തെ തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. 2018ല്‍ കേന്ദ്ര ആരോഗ്യവകുപ്പിന്റെ അനുമതിയോടെ പ്രസിദ്ധീകരിച്ച പഠനത്തെയാണ് മന്ത്രി തള്ളിയിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നെന്ന് ഒരു ഇന്ത്യന്‍ പഠനവും പറയുന്നില്ലെന്ന് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.

‘ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കരുത്. മലിനീകരണവും ആയുര്‍ദൈര്‍ഘ്യം കുറയുന്നതുമായി ബന്ധമുണ്ടെന്ന് ഒരു ഇന്ത്യന്‍ പഠനവും വ്യക്തമാക്കുന്നില്ല. മലിനീകരണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്’- അദ്ദേഹം പറഞ്ഞു.
അന്തരീക്ഷ മലിനീകരണം ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് 2017ല്‍ പഠനം ആരംഭിച്ച്‌ 2018ലാണ് ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ചത്. അന്തരീക്ഷ മലിനീകരണം കുറഞ്ഞാല്‍ ഇന്ത്യക്കാരുടെ ജീവിത ദൈര്‍ഘ്യം 1.7വര്‍ഷംവരെ വര്‍ധിക്കും എന്നാണ് പഠനം പറയുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ സ്‌ക്രീനിങ് കമ്മിറ്റിയുടെയും പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്റെയും അനുമതിയോടെയാണ് പഠനം പ്രസിദ്ധീകരിച്ചത്.

Loading...

അതേസമയം കഴിഞ്ഞ ദിവസം സുപ്രീംകോടതി അന്തരീക്ഷമലിനീകരണത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. അന്തരീക്ഷ മലിനീകരണം പരിഹരിക്കുന്നതിനായി ജപ്പാനില്‍ നിന്നുള്ള സാങ്കേതികവിദ്യ ഉള്‍പ്പെടെ പരിശോധിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദില്ലിയിലെ മലിനീകരണം സംബന്ധിച്ച്‌ ഡിസംബര്‍ 3നകം കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാരും മറ്റ് ഉദ്യോഗസ്ഥരും ക്രിയാത്മക ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. വായു മലിനീകരണം ഉത്തരേന്ത്യ മുഴുവന്‍ ബാധിച്ചതായി കോടതി ചൂണ്ടിക്കാട്ടി.

ദേശീയ തലസ്ഥാനത്തെയും ഉത്തരേന്ത്യയിലെയും അന്തരീക്ഷ മലിനീകരണത്തെ കുറിച്ച്‌ ജപ്പാനിലെ ഒരു സര്‍വ കലാശാല ഗവേഷണം നടത്തിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബെഞ്ചിനോട് പറഞ്ഞു. ഗവേഷണം പുതിയതാണെന്നും മേഖലയിലെ മലിനീകരണ തോത് നേരിടാന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലയിലെ ഗവേഷകനായ വിശ്വനാഥ് ജോഷിയെ ബെഞ്ചിന് മുന്നില്‍ സോളിസിറ്റര്‍ ജനറല്‍ അവതരിപ്പിച്ചു. അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാന്‍ കഴിവുള്ള ഹൈഡ്രജന്‍ അധിഷ്ഠിത സാങ്കേതികവിദ്യയെക്കുറിച്ച്‌ അദ്ദേഹം വിശദീകരിച്ചു. ഡിസംബര്‍ 3നകം ഹൈഡ്രജന്‍ അധിഷ്ഠിത ഇന്ധന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം അപകട കാരിയായ മൂടല്‍ മഞ്ഞ് ചൊവ്വാഴ്ച ദില്ലിയിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും തിരിച്ചെത്തി. അയല്‍ സംസ്ഥാനങ്ങളില്‍ തീ പടര്‍ന്ന് പിടിച്ചത് വഴി താപനില കുറഞ്ഞതും കാറ്റിന്റെ വേഗത കുറഞ്ഞതുമാണ് നഗരത്തിലെ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലേക്ക് നയിച്ചത്. ബുധനാഴ്ച രാവിലെ നഗരത്തിലെ മൊത്ത ത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 494 ആയിരുന്നുവെന്ന് മോണി റ്ററിംഗ് ഏജന്‍സി സഫാര്‍ അറിയിച്ചു. ശ്വാസകോശത്തിലേക്ക് ആഴത്തില്‍ എത്താന്‍ കഴിയുന്ന കണികകള്‍ ഈ വായുവില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ശൈത്യകാലം ആരംഭിക്കുന്നതിനാല്‍ ദില്ലിയിലെ കഷ്ടപ്പാട് ആഴ്ചകളോളം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ട്.