ദയവ് ചെയ്ത് അദ്ദേഹത്തെ കൊല്ലരുത്, പ്രണബ് മുഖര്‍ജി മരിച്ചിട്ടില്ല

ദില്ലി; മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചുവെന്ന് വാര്‍ത്തകള്‍ക്ക് എതിരെ മകനും മകളും രംഗത്ത്. അച്ഛന്‍ മരിച്ചിട്ടില്ലെന്ന് മകന്‍ അഭിജിത് മുഖര്‍ജി ട്വീറ്റ് ചെയ്തു. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത് എന്ന് മകള്‍ ശര്‍മിഷട്ട മുഖര്‍ജിയും അഭ്യര്‍ത്ഥിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അന്തരിച്ചുവെന്ന് പ്രമുഖര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതോടെയാണ് കുടുംബാഗങ്ങള്‍ രംഗത്ത് എത്തിയത്. നാലു ദിവസമായി ദില്ലി സൈനീക ആശുപത്രിയില്‍ കഴിയുന്ന പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

2018 ലെ സ്വതന്ത്രദിനാഘോഷ ഒരുക്കങ്ങള്‍ നടക്കുന്ന സമയത്തു മുന്‍ പ്രധാനമന്ത്രി വാജ്പേയ് അന്തരിച്ചുവെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നതിന് സമാനമാണ് നിലവിലെ സാഹചര്യം.2018ല്‍ വാജ്പേയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഓഗസ്‌റ് ആദ്യവാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം മരിച്ചുവെന്ന് ഓഗസ്റ്റ് 13ന് തന്നെ പ്രചാരണം ഉണ്ടായി. അന്നും കുടുംബങ്ങളും രാഷ്ട്രീയ നേതൃത്വവും അതിനെതിരെ രംഗത്ത് എത്തി. ദിവസങ്ങള്‍ക്കു ശേഷം ഓഗസ്‌റ് 16ന് വാജ്പേയ് അന്തരിച്ചു. നിലവില്‍ ദില്ലി സൈനീക ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെക്കുറിച്ചും മരണമടഞ്ഞുവെന്ന അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്. തിങ്കളാഴ്ച തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം പ്രണബ് മുഖര്‍ജി വെന്റിലേറ്ററിലാണ്.

Loading...

ഹൃദയധമനികളില്‍ നിന്നുള്ള രക്തപ്രവാഹം സുഗമമാണ് എങ്കിലും ആരോഗ്യ നില ഗുരുതരമാണ് എന്ന് സൈനീക ആശുപത്രി പുറത്ത് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇതിനിടയിലാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പ്രണബ് മരിച്ചുവെന്ന് ട്വീറ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളില്‍ മുന്‍ രാഷ്ട്രപതിയ്ക്ക് അനുശോചനം പ്രവാഹം ഉണ്ടായി. സന്ദേശങ്ങള്‍ വ്യാപകമായതോടെ പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി, മകള്‍ ശര്‍മ്മിഷ്ട്ട മുഖര്‍ജി എന്നിവര്‍ കടുത്ത വാക്കുകളില്‍ പ്രതിഷേധം രേഖപ്പെടുത്തി. അച്ഛന്‍ മരിച്ചിട്ടില്ല. അദ്ദേഹം അന്തരിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്തെ മാധ്യമ രംഗം വ്യാജ വാര്‍ത്ത ഫാക്ടറി ആയിരിക്കുകയാണ് എന്ന് മകന്‍ അഭിജിത് മുഖര്‍ജി കുറ്റപ്പെടുത്തി. അച്ഛന്‍ മരിച്ചുവെന്ന് വാര്‍ത്തകള്‍ വെറുതെയാണ്. അതറിയാന്‍ ആരും എന്റെ ഫോണിലേക്ക് വിളിക്കരുത് എന്ന് മകള്‍ ശര്‍മ്മിഷ്ട്ട മുഖര്‍ജിയും ട്വീറ്ററില്‍ കുറിച്ചു.