മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ്

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കോവിഡ്. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തു വിട്ടത്. ആശുപത്രിയിൽ മറ്റൊരു പരിശോധനയ്ക്ക് പോയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച തന്നോട് ബന്ധപ്പെട്ട എല്ലാവരും കോവിഡ് പരിശോധനയ്ക്കു വിധേയരാകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

കഴിഞ്ഞ ആഴ്ചയിൽ താനുമായി സമ്പർക്കമുണ്ടായിട്ടുളള എല്ലാവരും സ്വയം ഐസൊലേഷനിൽ പോകണമെന്നും കോവിഡ് 19 ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62,064 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇത് വരെ രോഗം സ്ഥിരീകരിച്ചത് 22,15,704 പേർക്കാണ്. 1007 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്ക് പറയുന്നു. രാജ്യത്ത് ഇത് വരെ 44,386 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് സർക്കാർ കണക്ക്. രാജ്യത്തെ രോഗമുക്തരുടെ എണ്ണം ഇന്ന് 15 ലക്ഷം കടന്നുവെന്നതാണ് ആശ്വാസകരമായ വാർത്ത.

Loading...

മഹാരാഷ്ട്രയിലും ആന്ധ്രയിലും പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയിൽ 12,248 പേർക്കും ആന്ധ്രയിൽ 10,820 പേർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ രോഗികളുടെ പ്രതിദിന വർദ്ധന 5994 ആയി ഉയർന്നു. കർണാടകത്തിൽ ഇന്നലെ 5,985 പേരാണ്‌ രോഗ ബാധിതരായത്. ഉത്തർപ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗ ബാധ നിരക്ക് ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നു. പ്രതിദിന സാമ്പിൾ പരിശോധന ഏഴ് ലക്ഷമായി ഉയർത്താൻ ആയെന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്.