മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ട്. വെന്റിലേറ്റർ സഹായത്തിലാണ് അദ്ദേഹം ഇപ്പോൾ തുടരുന്നത്. പ്രണബ് മുഖർജിയുടെ നിലവിലെ അവസ്ഥ വഷളായതായി ഡൽഹിയിലെ ആർമി ഹോസ്പിറ്റൽ വൈകിട്ട് പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ഇന്നലെ തന്നെ ഗുരുതരാവസ്ഥയിലാണ് പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. തലച്ചോറിൽ രക്തം കട്ട പിടിച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷവും ഗുരുതരാവസ്ഥയിൽ തുടരുന്നതായി കരസേന ആശുപത്രി വ്യക്തമാക്കി.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച രാവിലെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവർ സ്വയം സമ്പർക്കവിലക്കിൽ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടിരുന്നു. ഡോക്ടർമാരുടെ ഒരു സംഘം തന്നെ മുൻ രാഷ്ട്രപതിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്.

Loading...

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 84കാരനായ പ്രണബിനു പരിശോധനയിൽ കോവിഡ് പോസിറ്റീവാണ്. രക്തം കട്ടപിടിച്ചത് വിജയകരമായി നീക്കിയെങ്കിലും ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്റർ സഹായത്തിലേക്ക് മാറ്റുകയായിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ കരസേന ആശുപത്രിയിലെത്തി പ്രണബ് മുഖർജിയുടെ ആരോഗ്യനില വിലയിരുത്തിയിരുന്നു.

പ്രണബിന്റെ മകൾ ശർമിഷ്ഠ മുഖർജിയുമായി ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു സംസാരിച്ചു. മുൻ രാഷ്ട്രപതിയുടെ ആരോ​ഗ്യ നിലയിൽ ആശങ്ക പ്രകടിപ്പിച്ചും സൗഖ്യം നേർന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ തുടങ്ങിയവർ ട്വീറ്റ് ചെയ്തു.