നരേന്ദ്രമോദിയെ തോൽപ്പിക്കാൻ രാഹുലിനാവില്ല, രാജ്യത്ത് ബിജെപി ഭരണം തുടരു൦: പ്രശാന്ത് കിഷോര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. രാജ്യത്ത് ബിജെപി ഭരണം തുടരുമെന്നും പതിറ്റാണ്ടുകളോളം ബിജെപി നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങളോളം തെരഞ്ഞെടുപ്പില്‍ വിജയിച്ചാലും പരാജയപ്പെട്ടാലും കോണ്‍ഗ്രസ് നിലനില്‍ക്കുന്നതുപോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി ബിജെപി തുടരുമെന്നും എന്നാല്‍ രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങളൊന്നും തിരിച്ചറിയുന്നില്ലെന്നു൦ അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏതെങ്കിലും നേതാവിനോട് ചോദിക്കൂ. അവര്‍ പറഞ്ഞുതരും. ആളുകള്‍ക്ക് മടുത്തുതുടങ്ങിയിരിക്കുന്നു, ഭരണവിരുദ്ധ വികാരമുണ്ടാകും എന്നൊക്കെ പലരും പറയും. പക്ഷേ അവിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രശ്‌നം. ജനങ്ങള്‍ മോദിയെ തള്ളിക്കളയുമെന്നാണ് ഇവര്‍ കരുതുന്നത്. അതൊന്നും സംഭവിക്കാന്‍ പോകുന്നില്ല. നരേന്ദ്രമോദിയുടെ ശക്തി മനസിലാക്കണം. അദ്ദേഹത്തെ പരാജയപ്പെടുത്തി ആ സ്ഥാനത്ത് എത്താന്‍ നിങ്ങള്‍ക്കാവില്ല’. ഗോവയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രശാന്ത് കിഷോറിന്റെ പരാമര്‍ശം.

Loading...

തോറ്റാലും ജയിച്ചാലും ബിജെപി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രമുഖമായി മാറാന്‍ പോകുകയാണ്. മോദിക്കെതിരെയുള്ള ജനവികാരമെന്ന കെണിയില്‍ വീണുപോകരുത്. ജനങ്ങള്‍ മോദിയെ വലിച്ചെറിഞ്ഞാലും ബിജെപി എന്ന പാര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല. ദശാബ്ദങ്ങളോളം അവര്‍ ഇവിടെ തന്നെ തുടരുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.