ആഹാ ഇതെപ്പോ… എന്തോന്നടേ… കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്ന വ്യാജ പ്രചരണത്തിനെതിരെ പ്രതിഭ എം.എല്‍.എ

ആലപ്പുഴ: താന്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനായി ചര്‍ച്ച നടത്തുന്നുണ്ടെന്ന വ്യാജ പ്രചരണത്തിനെതിരെ കായംകുളം എം.എല്‍.എ പ്രതിഭ . ഫേസ്ബുക്ക് ഗ്രൂപ്പില്‍ വന്ന വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത്‌കൊണ്ട് ‘ആഹാ ഇതെപ്പോ ?? എന്തോന്നടേ’ എന്ന കുറിപ്പോടെയാണ് പ്രതിഭയുടെ പ്രതികരണം.

‘സി.പി.എം സൈബര്‍ ഗുണ്ടകളുടെ അക്രമത്തിന് ഇരയായ സി.പി.എം കായംകുളം എം.എല്‍.എ പ്രതിഭാ കോണ്‍ഗ്രസിലേക്ക്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. തീരുമാനം ഉടന്‍…’ എന്ന വ്യാജ പോസ്റ്റാണ് പ്രതിഭാ ഹരി ഷെയര്‍ ചെയ്തിരിക്കുന്നത്.

തനിക്കെതിരെ ആക്രമണം നടത്തിയവരെ സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കുന്നുണ്ടെന്നും സഖാവ് എന്ന വാക്കിന് അക്കൂട്ടര്‍ അര്‍ഹരല്ലെന്നും പ്രതിഭ പറഞ്ഞിരുന്നു.

ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്വന്തം മണ്ഡലത്തിലെ ആശുപത്രി വികസനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി പ്രതിഭാ കമന്റ് ചെയ്ത സംഭവത്തില്‍ എം.എല്‍.എയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. കെ കെ ശൈലജയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു എന്ന തരത്തിലാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്.