റിയാദ്: ”പ്രവാസി’ സാംസ്കാരിക വേദി റിയാദ് വെസ്റ്റ്‌ സോണ്‍ വർഗീയ- അഴിമതി മുക്തകേരളം എന്ന ശീർഷകത്തിൽ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു.നാടിന്റെ നിഖില മേഖലകളിലും വർഗീയമായ ചേരിതിരിവുകളും മത സാമുദായിക സ്പർദ്ധയും വർധിച്ചു വരികയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ‘പ്രവാസി’സാംസ്കാരിക വേദി പ്രസിഡണ്ട്‌ സാജു ജോർജ്ജ് അഭിപ്രായപ്പെട്ടു.പ്രവാസി സമൂഹം ജാഗ്രതയോടെ ഇതിനെ ചെറുത്തു തോൽപ്പിക്കണമെന്നും സമ്മർദ്ദ ശക്തിയായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെസ്റ്റ്‌ മേഖലാ പ്രസിഡണ്ട്‌ ലത്തീഫ് തെച്ചി അധ്യക്ഷത വഹിച്ചു.മുഖ്യപ്രഭാഷണം നടത്തിയ ‘പ്രവാസി’ ജനറൽ സെക്രട്ടറി റഹ്മത്ത് തിരുത്തിയാട് അഴിമതിയിലും അധാർമികതയിലും മുങ്ങിക്കുളിച്ച നമ്മുടെ സർക്കാർ ജനങ്ങളുടെ ബാധ്യതയായി മാറിയിരിക്കുന്നുവെന്നും , ഇവർക്കെതിരെ ഒരു ശബ്ദമുയർത്താൻ പ്രതിപക്ഷം ബലഹീനരായതുമാണ് ഇന്നത്തെ ദുര്യോഗമെന്നു അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിച്ചു.കുഞ്ഞാലി മരക്കാർ, തീപ്പൊട്ടൻ എന്നീ നാടകങ്ങളിൽ മുഖ്യ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച ഷാജിലാൽ,ഷീബാ രാജു ഫിലിപ്പ്,സാമുഹിക പ്രവർത്തകനായ അബ്ദുൽ ഖാദർ ആലപ്പുഴ എന്നിവർക്ക് ‘പ്രവാസി’ നേതാക്കളായ സാജു ജോർജ്ജ് ,റഹ്മത്ത് തിരുത്തിയാട്,ലെത്തീഫ്‌ തെച്ചി എന്നിവർ ഉപഹാരങ്ങൾ നല്കി.മൂവരും മറുപടി പ്രസംഗത്തിൽ കൃതക്ഞത രേഖപ്പെടുത്തി.ചടങ്ങിൽ ‘പ്രവാസി’ ഡിപ്ലോമാറ്റ് യുണിറ്റിന്റെ പ്രഖ്യാപനവും വനിതാ അംഗത്വ വിതരണോദ്ഘാടനവും നടന്നു.ശ്രീമതി ദിവ്യക്ക്‌ അംഗത്വഫോം നൽകി ‘പ്രവാസി’ സി.സി അംഗം ടെസ്സി സന്തോഷ്‌ നിർവഹിച്ചു.’പ്രവാസി’ കുരുന്നുകൾ അവതരിപ്പിച്ച സമുഹ നൃത്തം,ഒപ്പന എന്നിവ പരിപാടിക്ക് മിഴിവേകി.ആൽവിൻ സാജുവിന്റെ ഡാൻസും രൻജ്ജിത്ത്, ഖാലിദ്‌, തൻവീർ, മജീദ്‌, അഷ്‌റഫ്‌ എന്നിവർ അവതരിപ്പിച്ച ‘പി.കെ.വെള്ളാനകളുടെ നാട്ടിൽ’ എന്ന തെരുവ് നാടകവും അരങ്ങേറി. ‘പ്രവാസി’ മേഖലാ സെക്രട്ടറി സലീഷ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കനവീനർ ശമീം ബക്കർ നന്ദിയും പറഞ്ഞു.