ഹജ്ജ് കർമത്തിനായി സൗദി അറേബ്യയിലെത്തിയത് 26,445 ഇന്ത്യക്കാർ

ഹജ്ജ് കർമത്തിനായി സൗദി അറേബ്യയിലെത്തിയത് 26,445 ഇന്ത്യക്കാർ. മലയാളികൾ ഉൾപ്പെടെയുള്ള തീർഥാടകരുടെ കണക്കാണിത്. ഇതിൽ 23,919 പേർ നിലവിൽ മദീനയിലെ പ്രവാചക നഗരിയിലാണുള്ളത്. മക്കയിലെത്തിയത് 2526 തീർഥാടകരാണ്.

വിദേശത്തുനിന്ന് ആദ്യം മദീനയിലെത്തുന്ന തീർഥാടകർ എട്ടുദിവസം തങ്ങി പ്രാർഥനകൾ നിർവഹിച്ച് പിന്നീട് മക്കയിലേക്ക് പോകാറാണ് പതിവ്. ഇവർ ഹജ്ജ് നിർവഹിച്ച് മക്കയിൽനിന്ന് ജിദ്ദ വിമാനത്താവളം വഴിയാണ് നാടുകളിലേക്ക് തിരികെപോകുക.

Loading...

എന്നാൽ, ആദ്യം മക്കയിൽ വന്നിറങ്ങുന്ന തീർഥാടകരാണെങ്കിൽ ഹജ്ജിനുമുമ്പ് മക്കയിൽ ഉംറയും മറ്റ് കർമങ്ങളും നിർവഹിച്ച് മദീനയിൽ പോകും. മദീനയിൽ നൗദ സന്ദർശനവും മറ്റ് ആരാധനകളും പൂർത്തിയാക്കി ഹജ്ജ് കർമത്തിനു തൊട്ടുമുമ്പ് മക്കയിൽ തിരിച്ചെത്തുകയും ചെയ്യും.

അതേസമയം, ഹജ്ജ് കർമത്തിന് തൊട്ടുമുമ്പാണ് മക്കയിലെത്തുന്നതെങ്കിൽ ഹജ്ജ് നിർവഹിച്ചശേഷമായിരിക്കും മദീനയിലേക്ക് പുറപ്പെടുക. തുടർന്ന് എട്ടുദിവസം അവിടെ തങ്ങും. കേന്ദ്ര ഹജ്ജ് കമ്മിറ്റിവഴി മദീനയിൽനിന്ന് മക്കയിലെത്തിയവർ ആദ്യ ഉംറ നിർവഹിച്ചുകഴിഞ്ഞു. അടുത്ത ദിവസങ്ങളിലായി ഇവർ ചരിത്രസ്ഥലങ്ങൾ സന്ദർശിക്കും.