പ്രവാസി മലയാളി ഫെഡറേഷന്‍ മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും

ഡാലസ്: ‘ജനനം കേരളത്തിലാണെങ്കില്‍ ലോകത്തിന്റെ ഏതു ഭാതത്തു താമസിച്ചാലും പ്രവാസി മലയാളി’യാണെന്ന പ്രഖ്യാപിത ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുന്നതും ചുരുങ്ങിയ കാലം കൊണ്ട് പ്രവാസി മലയാളികളുടെ ആശയും ആവേശവുമായി മാറിയതുമായ പ്രവാസി മലയാളി ഫെഡറേഷന്റെ (പി.എം.എഫ്) മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയതായി സംഘടനയുടെ ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍ ഒരു പ്രസ്താവനയില്‍ അറിയിച്ചു.

ദിവസവും നൂറുകണക്കിന് ഓണ്‍ലൈന്‍ അംഗത്വ അപേക്ഷകളാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. അപേക്ഷകള്‍ സൂഷ്മപരിശോധന നടത്തുന്നതിനും സ്വീകാര്യമായവര്‍ക്ക് അംഗീകാരം നല്‍കുന്നതിനും ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ജോസ് മാത്യു പനച്ചിക്കലിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

Loading...

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി അഞ്ചുലക്ഷം അംഗങ്ങളെയെങ്കിലും 2-മത് ആഗോള സമ്മേളനത്തിനു മുമ്പായി ചേര്‍ക്കുന്നതിനാണ് സംഘടന ലക്ഷ്യമിട്ടിരിക്കുന്നത്. ഇതുവരെ അംഗത്വഫീസ് ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും അടുത്തുനടക്കുന്ന സമ്മേളനത്തില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു തീരുമാനിക്കും.

മറുനാട്ടിലും വിദേശങ്ങളിലും താമസിക്കുന്ന ലക്ഷക്കണക്കിനു മലയാളികള്‍ ജനിച്ചു വളര്‍ന്ന നാടിന്റെയും രാജ്യത്തിന്റെയും സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളില്‍ നടത്തുന്ന നിസ്വാര്‍ഥ സേവനങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം നേടിയെടുക്കുന്നതിന് പ്രവാസി മലയാളി ഫെഡറേഷന്‍ പ്രതിജ്ഞാബദ്ധമാണ്.

ആഗസ്റ്റ് 7,8,9 തീയതികളില്‍ തിരുവനന്തപുരം പോത്തന്‍കോട്ടുള്ള ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന ‘പ്രവാസി മലയാളി കുടുംബസംഗമം’ വിജയിപ്പിക്കുന്നതിനുള്ള അമേരിക്കന്‍ ഐക്യനാടുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മാത്യു മൂലേച്ചേരില്‍, ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഷീല ചെറു, ഗ്ലോബല്‍ ട്രഷറര്‍ പി.പി ചെറിയാന്‍, ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ് അലെക്‌സ് മുറിക്കനാനി എന്നിവര്‍ നേതൃത്വം നല്‍കും.