ഷാര്‍ജ: ജോലിക്കിടെയുണ്ടായ അപകടത്തില്‍ ശരീരമാസകലം പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രവാസി മലയാളിക്കെതിരെ കമ്പനി നല്‍കിയ കേസ് ഇരട്ടദുരന്തമായി. കാഞ്ഞങ്ങാട് സ്വദേശി മാണിക്കോത്ത് കുഞ്ഞമ്പു (53) വാണു ദുരിതക്കിടക്കയില്‍ നോവുന്ന ശരീരവും മനസ്സുമായി കുവൈത്തി ആശുപത്രിയില്‍ കഴിയുന്നത്. 20 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന കമ്പനി അധികൃതരുടെ നടപടിയാണു ശരീരവേദനയെക്കാള്‍ ആഘാതമായതെന്ന് അദ്ദേഹം പറയുന്നു.
അമ്പതുശതമാനം പൊള്ളലോടെ സര്‍ജിക്കല്‍ വാര്‍ഡില്‍ രണ്ടുമാസമായി ചികില്‍സയിലാണു കുഞ്ഞമ്പു. സൂപ്പര്‍വൈസറായ കുഞ്ഞമ്പുവിന്റെ അശ്രദ്ധയാണ് അപകടത്തിനു കാരണമായതെന്നും, അതിനാല്‍ തങ്ങള്‍ക്കുണ്ടായ നാശനഷ്‌ടത്തിനു പരിഹാരം കാണണമെന്നുമാവശ്യപ്പെട്ടാണു കമ്പനി കോടതിയെ സമീപിച്ചത്. ജനുവരി 27നു രാവിലെയായിരുന്നു അപകടം. ഷാര്‍ജ വ്യവസായ മേഖലയിലെ ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്യുമ്പോഴാണു ഗ്യാസ് പൈപ്പ്‌ലൈനില്‍ ചോര്‍ച്ചയുണ്ടായി തീ ആളിപ്പടര്‍ന്നു കുഞ്ഞമ്പുവിനും നേപ്പാള്‍, ഫിലിപ്പീന്‍സ് സ്വദേശികള്‍ക്കും പൊള്ളലേറ്റത്.
സംഭവത്തില്‍ നേപ്പാള്‍ സ്വദേശി ബസന്ത് മരിച്ചു. ഫിലിപ്പീന്‍സ് സ്വദേശി പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. നാലു ദിവസം ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സിച്ച ശേഷം കുഞ്ഞമ്പുവിനെ കുവൈത്തി ആശുപത്രിയിലേക്കു മാറ്റി. താന്‍ സാധാരണ ജീവനക്കാരന്‍ മാത്രമാണെന്നും ഗുണമേന്മ കുറഞ്ഞ രാസപദാര്‍ഥം ഉപയോഗിച്ചതാണു തീപിടിത്തത്തിനു കാരണമെന്നും നഷ്‌ടപരിഹാരം നല്‍കുന്നതില്‍നിന്ന് ഒഴിയാനാണു കമ്പനി കേസിനു മുതിര്‍ന്നതെന്നും കുഞ്ഞമ്പു ആരോപിക്കുന്നു.
കേസുമായി ബന്ധപ്പെട്ടു പരസഹായത്താല്‍ കുഞ്ഞമ്പുവിന് ഈയിടെ കോടതിയില്‍ പോകേണ്ടതായും വന്നു. പാസ്‌പോര്‍ട്ട് കോടതി വാങ്ങിവച്ചു. കഴിഞ്ഞയാഴ്‌ച യുഎഇ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇതു സംബന്ധിച്ചു നിവേദനം സമര്‍പ്പിച്ചു. ആശുപത്രിയിലാക്കിയശേഷം കമ്പനി അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്നും കുഞ്ഞമ്പു പറയുന്നു.
മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സഹായം മാത്രമാണ് ഇതുവരെ ലഭിച്ചത്. ദുബായില്‍ ജോലി ചെയ്‌തിരുന്ന മകന്‍ ഹേമന്ത് അവധിയെടുത്ത് അച്‌ഛനെ പരിചരിക്കുന്നു. അല്‍പം മാറ്റമുണ്ടായപ്പോള്‍, നാട്ടില്‍ പോയി തുടര്‍ചികില്‍സ നടത്താമെന്ന പ്രതീക്ഷയില്‍ ഒരുക്കങ്ങള്‍ നടത്തുമ്പോഴാണു കമ്പനി കേസ് നല്‍കിയതായി അറിയുന്നത്.
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവരം ധരിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരും അന്വേഷിച്ചെത്തിയിട്ടില്ലെന്നു ഹേമന്ത് പറഞ്ഞു. കുഞ്ഞമ്പുവിന്റെ മുഖത്തും കൈകാലുകള്‍ക്കുമാണു സാരമായി പൊള്ളലേറ്റത്. കാലില്‍നിന്നു മാംസം ഉരുകിപ്പോയതിനാല്‍ ശസ്‌ത്രക്രിയ നടത്തേണ്ടതുണ്ട്. ഇതിനു വന്‍തുക ചെലവു വരും. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ മകന്റെ തുച്‌ഛമായ ശമ്പളം കൊണ്ടാണു കുടുംബം കഴിയുന്നത്.