നിങ്ങളൊക്കെ മുകളിൽ പിടിപാടുള്ളവരല്ലേ.. വേണ്ടതൊക്കെ മുകളീന്ന് മേടിച്ചോ…നഗരസഭാധ്യക്ഷ വെല്ലുവിളിച്ചെന്ന് സാജന്റെ കുടുംബം

‘ഞാനീ കസേരയിൽ ഉള്ളിടത്തോളം കാലം കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കില്ല’ എന്ന് ഏതാനും ദിവസം മുൻപ് നഗരസഭാധ്യക്ഷ ഭീഷണി മുഴക്കിയിരുന്നതായി പ്രവാസി വ്യവസായിയും സിപിഎം അനുഭാവിയുമായ സാജൻ പാറയിലിന്റെ കുടുംബം.

വിഷയത്തിൽ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി. ജയരാജൻ ഇടപെട്ടത് അധ്യക്ഷയ്ക്ക് ഇഷ്ടപ്പെട്ടില്ല.നിങ്ങൾ മുകളിൽ പിടിപാടുള്ളവരല്ലേ, കെട്ടിട നമ്പരും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും മുകളിൽനിന്നു തന്നെ വാങ്ങിച്ചോ എന്നൊക്ക വെല്ലുവിളിച്ചു.

Loading...

അതുകൊണ്ടു തന്നെ സാജൻ ജീവനൊടുക്കിയതിനു പിന്നിൽ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയുടെ ഭീഷണിയും പകപോക്കലുമാണെന്നും വ്യവസായിയുടെ കുടുംബം ആരോപിക്കുന്നു.

നഗരസഭ ഭരണസമിതിയിലെ വിഭാഗീയതയും അനുമതി നിഷേധിക്കുന്നതിനു കാരണമായതായി കരുതുന്നു. 15 കോടി മുടക്കി നിർമിച്ച പാർഥ കൺവൻഷൻ സെന്റർ, നഗരസഭാ അധികൃതരുടെ നിലപാട് മൂലം ഒരിക്കലും തുറക്കാൻ കഴിയില്ലെന്ന മനോവിഷമത്തിലാണ് ഉടമ സാജൻ ആത്മഹത്യ ചെയ്തതെന്നു ഭാര്യ ബീനയും ഭാര്യാപിതാവ് പി. പുരുഷോത്തമനും ആരോപിച്ചു.

2018 ൽ നിർമാണം പാതിയെത്തിയപ്പോൾ, പൊളിച്ചു നീക്കണമെന്ന് നഗരസഭ നോട്ടിസ് നൽകി. ചട്ടലംഘനമുണ്ടോ എന്നു നേരിട്ടെത്തി പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും തയാറായതുമില്ല. ഈ സാഹചര്യത്തിലാണു സാജൻ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനു പരാതി നൽകിയത്.

പ്രതിപക്ഷത്ത് ഒരംഗം പോലുമില്ലാതെ സിപിഎം ഭരിക്കുന്ന നഗരസഭയാണ് ആന്തൂർ. കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ ഭാര്യയാണ്, അധ്യക്ഷ ശ്യാമള.

സാജൻ പാറയിൽ ജീവനൊടുക്കിയ സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു തെറ്റു സംഭവിച്ചെങ്കിൽ ഉറച്ച നടപടിയുണ്ടാകുമെന്നും നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണത്തെക്കുറിച്ചു ഗൗരവപൂർവം പരിശോധനയുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.