പ്രവാസിവോട്ട്: ഭേദഗതി ബില്‍ മന്ത്രിസഭയുടെ അനുമതിക്ക്

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടിന് സൗകര്യമൊരുക്കാനായി 1950-ലെ ജനപ്രാതിനിധ്യനിയമം ഭേദഗതിചെയ്യുന്ന ബില്‍ കേന്ദ്രമന്ത്രിസഭ ഉടന്‍ പരിഗണിക്കും. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നിയമമന്ത്രാലയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു കഴിഞ്ഞതായും മന്ത്രിസഭ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും ഗവണ്മെന്റ് വക്താവ് അറിയിച്ചു.

വിദേശ ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മുക്ത്യാര്‍വോട്ടോ ഇലക്ട്രോണിക് തപാല്‍ വോട്ടോ രേഖപ്പെടുത്താന്‍ അവസരം നല്‍കുന്നതാണ് നിയമഭേദഗതി. ഇതോടൊപ്പം സൈന്യത്തിലുള്ളവര്‍ക്കും ഇലക്ട്രോണിക് തപാല്‍വോട്ട് സൗകര്യം നല്‍കും. സൈനികര്‍ക്ക് ഇപ്പോള്‍ മുക്ത്യാര്‍വോട്ട് മാത്രമേ ഉള്ളൂ.

Loading...

നിയമഭേദഗതി ബില്‍ അടുത്തമാസം പാസാക്കുകയും തുടര്‍ന്ന് വൈകാതെ അതിന്റെ ചട്ടം തയ്യാറാക്കുകയും ചെയ്താല്‍ അടുത്തകൊല്ലം മെയ്മാസത്തില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിദേശ മലയാളികള്‍ക്ക് പുതിയ രീതിയിലൂടെ വോട്ടുചെയ്യാനാവും. എന്നാല്‍ ഈ വര്‍ഷം ഒടുവില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇത്തരത്തില്‍ വോട്ടുചെയ്യാനാവുമെന്ന് ഉറപ്പില്ല.

പ്രവാസിവോട്ടുമായി ബന്ധപ്പെട്ട കേസ് ജനുവരിയില്‍ സുപ്രീംകോടതി പരിഗണിച്ചപ്പോള്‍, നിയമം ഭേദഗതിചെയ്യാന്‍ സര്‍ക്കാറിന് ഒന്നരമാസം സമയം അനുവദിച്ചിരുന്നു. വിദേശ ഇന്ത്യക്കാര്‍ക്ക് മുക്ത്യാര്‍വോട്ടോ ഇലക്ട്രോണിക് തപാല്‍വോട്ടോ അനുവദിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയാണുണ്ടായത്.

തുടര്‍ന്ന് നിയമമന്ത്രാലയം ജനപ്രാതിനിധ്യ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിയാലോചിച്ചിരുന്നു. 1950-ലെ നിയമത്തില്‍ 60-ാം വകുപ്പില്‍ വരുത്തേണ്ട ഭേദഗതികള്‍ കമ്മീഷന്‍ മന്ത്രാലയത്തെ അറിയിച്ചു. അതിന്റെ തുടര്‍ച്ചയാണ് ഈ നിര്‍ദേശം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

മുക്ത്യാര്‍വോട്ട്: പകരം ആളെ നിയോഗിച്ച് വോട്ടുചെയ്യുന്നതാണ് മുക്ത്യാര്‍വോട്ട്. വോട്ടറുടെ മണ്ഡലത്തില്‍ വോട്ടുള്ള വ്യക്തിയായിരിക്കണം മുക്ത്യാര്‍. മുക്ത്യാറിനെ ചുമതലപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പിന് ആറുമാസംമുമ്പ് റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഓരോ മണ്ഡലത്തിനും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധിയായി ഒരു റിട്ടേണിങ് ഓഫീസറുണ്ടാകും. ഒരു പ്രാവശ്യം നിയമിക്കുന്ന മുക്ത്യാര്‍ക്ക് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പിലും വോട്ടുരേഖപ്പെടുത്താം. രേഖാമൂലം മാറ്റുന്നതുവരെ മുക്ത്യാര്‍ക്ക് ആ സ്ഥാനത്ത് തുടരാം.

ഇ-തപാല്‍ വോട്ട്: ഇലക്ട്രോണിക് തപാല്‍ വോട്ടിനും ആറുമാസംമുമ്പ് അപേക്ഷ കൊടുക്കണം. റിട്ടേണിങ് ഓഫീസര്‍ അത് പരിശോധിച്ചശേഷം, തിരഞ്ഞെടുപ്പുവേളയില്‍ ബാലറ്റ് പേപ്പര്‍ ഇ-മെയിലായി അയച്ചുകൊടുക്കും. വോട്ടര്‍ക്ക് സ്വന്തമായ പാസ് വേര്‍ഡ് ഉപയോഗിച്ച് അത് ഡൗണ്‍ലോഡ് ചെയ്യാം. വോട്ടുചെയ്തശേഷം സാക്ഷ്യപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ തപാലില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് അയച്ചുകൊടുക്കണം. ഇതാണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്ത രീതി. സര്‍ക്കാര്‍ ഇത് മാറ്റമില്ലാതെ അംഗീകരിച്ചിട്ടുണ്ട്.

പ്രവാസികളുടെ വളരെ നാളുകളായുള്ള ഒരു ആവശ്യമായിരുന്നിത്.