പോലീസ് ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മൊഴികൾ നൽകി പ്രവീൺ റാണ

തൃശൂർ. പ്രവീൺ റാണ ബന്ധുവിന്റെ പേരിൽ കണ്ണൂരിൽ 22 ഏക്കർ ഭൂമി വാങ്ങിയതായി പോലീസിനു വിവരം ലഭിച്ചു. സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനിയിലെ നിക്ഷേപകരുടെ പണമുപയോഗിച്ചാണു ഭൂമി വാങ്ങിയതെന്ന വിവരം പോലീസ് അന്വേഷിക്കുന്നുണ്ട്. വാങ്ങിയത് 22 ഏക്കറല്ല രണ്ടേക്കർ മാത്രമാണെന്നു റാണയുടെ സഹായികൾ പോലീസിനു മൊഴിനൽകി.

ഇയാളടക്കം 4 സഹായിളുടെ പേരിൽ വൻതോതിൽ ബെനാമി നിക്ഷേപം നടന്നെന്ന വിവരവും പോലീസ് പരിശോധിക്കുന്നു. പുണെ വെസ്റ്റേൺ മാളിലും മുംബൈ സീവുഡ് മാളിലും പ്രവർത്തിച്ചിരുന്ന ഫ്ലൈ ഹൈ പബ്ബുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഒരുവർഷം മുൻപു വരെ പ്രവീൺ റാണയുടെ പേരുമുണ്ടായിരുന്നു.

Loading...

ഏതാനും മാസം മുൻപു പേര് അപ്രത്യക്ഷമായി. ചിട്ടിക്കമ്പനിയടക്കം തന്റെ സ്ഥാപനങ്ങൾ പൊട്ടുന്ന സാഹചര്യം മുൻകൂട്ടിക്കണ്ട റാണ, പബ്ബുകളിലേതടക്കം നിക്ഷേപങ്ങളും ഓഹരികളും പിൻവലിച്ചു ബെനാമികളുടെ പേരിലേക്കു മാറ്റിയെന്നാണ‍ു സൂചന. ഐആം വെൽനസ് എന്ന സ്ഥാപനത്തിനു കീഴിൽ സ്പാ പാർലറുകൾ പ്രവർത്തിച്ചിരുന്നു.

ഇതിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽനിന്നും റാണ ഒഴിഞ്ഞിട്ടുണ്ട്. റിമാൻഡ് ചെയ്യുംമുൻപു റാണയെ പോലീസ് മണിക്കൂറുകളോളം ചോദ്യംചെയ്തെങ്കിലും പരസ്പരവിരുദ്ധ മൊഴികളാണു ലഭിച്ചത്. തട്ടിയ പണമെവിടെ എന്ന ചോദ്യത്തിന് ഒന്നും നമ്മുടേതല്ല എന്ന മട്ടിൽ ആത്മീയതലത്തിലുള്ള മറുപടിയാണു ലഭിച്ചതെന്നു സൂചനയുണ്ട്.