നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീണ്‍ റാണ കേരളം വിട്ടതായി സൂചന

തൃശൂര്‍. നിക്ഷേപത്തട്ടിപ്പു കേസില്‍ പോലീസ് തിരുന്ന പ്രവീണ്‍ റാണ കേരളം വിട്ടതായി സൂചന. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ വ്യവസായി പ്രവീണ്‍ റാണ കേരളം വിട്ടെന്നാണ് വിവരം. പുണെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ബിസിനസ് സുഹൃത്തുക്കള്‍ അഭയം നല്‍കാനുള്ള സാധ്യത കണക്കിലെടുത്തു പലവഴിക്കു പോലീസ് തിരച്ചില്‍ തുടരുന്നുണ്ട്.

രാജ്യം വിടാന്‍ ശ്രമം നടക്കുന്നുവെന്നു സൂചനയുള്ളതിനാല്‍ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയേക്കും. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയെന്ന തോതില്‍ ഏകദേശം 100 കോടി രൂപയെങ്കിലും പ്രവീണ്‍ റാണ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്തിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം. സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന നിധി ചിട്ടി കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണു തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയായ പ്രവീണ്‍ റാണ.

Loading...

എന്‍ജിനീയറിങ്, എംബിഎ ബിരുദങ്ങള്‍ നേടിയ പ്രവീണ്‍ 7 കൊല്ലം മുന്‍പു സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന പേരില്‍ ബിസിനസ് കണ്‍സല്‍റ്റന്‍സിയും ചിട്ടിക്കമ്പനിയും തുടങ്ങിയ ശേഷമാണു നിക്ഷേപങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത്. 48% വരെ പലിശ വാഗ്ദാനം ചെയ്തതോടെ 100 കോടിയോളം രൂപ നിക്ഷേപമായി ഒഴുകി.

പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകര്‍ നിയമനടപടികളിലേക്കു നീങ്ങി. തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനിലായി 18 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പല നഗരങ്ങളിലായി ബിസിനസ്, സിനിമ, രാഷ്ട്രീയ, ക്രിമിനല്‍ ബന്ധങ്ങളുള്ളയാളാണ് പ്രവീണ്‍ റാണയെന്നു പോലീസ് പറയുന്നു. കൊച്ചിയിലുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടന്നെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.