മരണം അടുത്തെന്ന് കൈനോട്ടക്കാരി, സ്നേഹസമ്മാനമായി ഒരു ചോക്ലേറ്റും നൽകി, ഇതേ ചോക്ലേറ്റ് കഴിച്ച് യുവതി മരിച്ചു

ബ്രസീലിയ : കൈനോട്ടക്കാരി സമ്മാനിച്ച ചോക്ലേറ്റ് കഴിച്ച യുവതി മരിച്ചു. ബ്രസീലിലെ മാസെയോ നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. ഓഗസ്റ്റ് 3ന് മാസെയോ നഗരത്തിലൂടെ നടക്കവെയാണ് 27കാരിയായ ഫെർണാണ്ടയുടെ അരികിലേക്ക് ആ കൈനോട്ടക്കാരി എത്തിയത്. പ്രായം ചെന്ന സ്ത്രീയായതിനാൽ വിഷമിപ്പക്കേണ്ടെന്ന് കരുതിയ ഫെർണാണ്ട കൈനോക്കി പ്രവചിക്കാനും പറഞ്ഞു.

എന്നാൽ അവർ പറഞ്ഞത് കേട്ട് യുവതി ഞെട്ടി. ഫെർണാണ്ടയ്ക്ക് അല്പായുസാണെന്ന് അവർ പ്രവചിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കുമെന്നും പറഞ്ഞു. പ്രവചനം കേട്ട് മടങ്ങപ്പോകാൻ ഒരുങ്ങിയ ഫെർണാണ്ടയ്ക്ക് വൃദ്ധ ചോക്ലേറ്റ് സമ്മാനിച്ചു. സംഭവം നടക്കുമ്പോൾ ബന്ധു ക്രിസ്റ്റീനയും ഫെർണാണ്ടയ്‌ക്ക് ഒപ്പമുണ്ടായിരുന്നു.

Loading...

കൈനോട്ടക്കാരി നൽകിയ ചോക്ലേറ്റ് ഫെർണാണ്ട കഴിച്ചു. എന്നാൽ, വൈകാതെ ഫെർണാണ്ടയ്ക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. ഫെർണാണ്ട ഛർദ്ദിക്കുകയും തലകറങ്ങി വീഴുകയും ചെയ്തു. കാഴ്ച മങ്ങുകയും ചെയ്തു. ഹൃദയമിടിപ്പ് കൂടി. മൂക്കിൽ നിന്ന് രക്തം വന്നു. തൊട്ടടുത്ത ദിവസം ആശുപത്രിയിൽ വച്ച് ഫെർണാണ്ട മരണത്തിന് കീഴടങ്ങി.

അൾസറിന്റെ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ അതാകാം മരണകാരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ, കൈനോട്ടക്കാരി ചോക്ലേറ്റ് നൽകിയെന്നറിഞ്ഞപ്പോൾ ബന്ധുക്കളും മറ്റും സംശയം ഉന്നയിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റപ്പോർട്ടിൽ കീടനാശിനി ഉള്ളിലെത്തിയെന്ന് കണ്ടെത്തിയതോടെ കൈനോട്ടക്കാരിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.