ഗർഭിണിപ്പൂച്ചയെ കെട്ടിത്തൂക്കി കൊന്നത് തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌, വിഷം കൊടുത്തിരുന്നെന്നും സംശയം

Loading...

തിരുവനന്തപുരം പാൽക്കുളങ്ങരയിലെ ക്ലബില്‍ ഗര്‍ഭിണിപ്പൂച്ചയെ കെട്ടിത്തൂക്കിയ സംഭവത്തിൽ പൂച്ചയെ കെട്ടിത്തൂക്കി കൊന്നതുതന്നെ എന്ന് പ്രാഥമിക നിഗമനം. ഇത് ശരിവെക്കുന്ന പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്.

ശനിയാഴ്ച അർധരാത്രിക്കും ഞായറാഴ്​ച പുലര്‍ച്ചക്കും ഇടയിലാണ് മരണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴുത്തിലെ കുരുക്ക് മുറുകി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Loading...

അതേസമയം, വിഷം കൊടുത്ത് കൊന്നശേഷമാണോ കെട്ടിത്തൂക്കിയതെന്ന് വ്യക്തമാവുന്നതിനായി പൂച്ചയുടെ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ‌ പറയുന്നു

മൃഗാവകാശപ്രവര്‍ത്തകരുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പൂച്ചയുടെ ജഡം പോസ്റ്റ് മോർട്ടത്തിന് അയച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പാൽക്കുളങ്ങരയിലെ ക്ലബ്​ കെട്ടിടത്തില്‍ പൂച്ചയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്.

ക്ലബ്ബില്‍ മദ്യപാനവും ചീട്ടുകളിയുമാണെന്നും ഇവിടെ വരുന്ന ആളുകള്‍ മദ്യപിച്ചതിനുശേഷം പൂച്ചയെ കെട്ടിതൂക്കി കൊല്ലുകയുമായിരുന്നുവെന്നുമാണ് പരാതിയിലെ ആരോപണം

സംഭവത്തിൽ പരാതി ഉയർന്നതോടെ ക്ലബ്​ ഭാരവാഹികളുടെയും പരിസരവാസികളുടെയും മൊഴി രേഖപ്പെടുത്തി.സംഭവ ദിവസം സ്ഥലത്തില്ലായിരുന്നെന്ന മറുപടിയാണ് ക്ലബ്​ ഭാരവാഹികള്‍ നല്‍കിയത്.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രോട്ടക്ഷന്‍ ഓര്‍ഗനൈസേഷന്റെ ക്യാമ്പയിന്‍ കോര്‍ഡിനേറ്റര്‍ പാര്‍വ്വതി മോഹന്റേയും, പീപ്പിള്‍സ് ഫോര്‍ ആനിമല്‍സിന്റെ സെക്രട്ടറി ലത ഇന്ദിരയുടേയും പരാതിയിലാണ് കേസെടുത്തത്.

സെക്ഷന്‍ 429 പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കുകയും, കൊല്ലുകയും ചെയ്തതിനും. സെക്ഷന്‍ 268 പ്രകാരം പൊതുശല്യത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

2008ല്‍ ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയിലാണ് കേരളത്തിലെ ആദ്യ പൂച്ച പോസ്റ്റ്മോര്‍ട്ടം നടന്നത്.

കരീലക്കുളങ്ങരയില്‍ പത്തിയൂര്‍പ്പാടത്ത് ഒരു യുവതി കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണത്തിനിടയിലാണ് കേരളത്തില്‍ ആദ്യമായി ഒരു പൂച്ചയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യപ്പെട്ടത്. ചത്ത പൂച്ച തെളിയിച്ച കേസ് എന്നാണ് ആ കേസിനെ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് പിന്നീട് വിശേഷിപ്പിച്ചത്.

പത്തിയൂര്‍പ്പാടത്തെ കുളത്തില്‍ ഒരു അജ്ഞാത യുവതിയുടെ മൃതദേഹം കെട്ടിത്താഴ്ത്തിയതാണ് കേസ്. യുവതിയെ നാട്ടുകാര്‍ക്ക് പരിചയമില്ലാത്തതും സമീപ്രദേശത്തെങ്ങും ഒരു സ്ത്രീയെ കാണാതായതായ കേസോ വിവരേമാ ലഭിക്കാതിരുന്നതും പൊലീസിന് തിരിച്ചടിയായി. എന്നാല്‍ അതേസമയം ഒരു പൂച്ചയുടെ അഴുകിയ മൃതദേഹം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടു. അതോടെ യുവതിയുടെയും പൂച്ചയുടെയും മൃതദേഹങ്ങള്‍ ഒന്നിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യപ്പെട്ടു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയും പൂച്ചയും സമാനമായ ആഹാരപദാര്‍ത്ഥം കഴിച്ചാണ് മരണപ്പെട്ടതെന്ന് വ്യക്തമായി. തുടരന്വേഷണത്തില്‍ സമീപപ്രദേശത്തുള്ള ജലാലുദ്ദീന്‍ എന്നയാളാണ് യുവതിയെ ഭക്ഷണത്തില്‍ ഫ്യുരുടാന്‍ എന്ന വിഷ പദാര്‍ത്ഥം കലര്‍ത്തി കൊലപ്പെടുത്തിയതിനു ശേഷം കുളത്തില്‍ കെട്ടിത്താഴ്ത്തിയതെന്നും വ്യക്തമായി.

സംഭവത്തില്‍ പൂച്ച ഒരഭിവാജ്യഘടകമായത് ഇങ്ങനെ…

ജലാലുദ്ദീന്‍ യുവതിയെ കുളത്തിനു സമീപമുള്ള ഒരു പാടത്തിലിരുത്തിയിട്ടാണ് വിഷം കലര്‍ത്തിയ ഭക്ഷണവുമായി എത്തിയത്. ഇതിനിടയില്‍ പൂച്ച അയാള്‍ക്കു പിന്നാലെ കൂടുകയായിരുന്നു. വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച യുവതി ഛര്‍ദ്ദിക്കുകയുണ്ടായി. ഈ ഛര്‍ദ്ദില്‍ കഴിച്ചതാണ് പൂച്ചയുടെ മരണകാരണം.

അങ്ങനെ ആദ്യമായി ഒരു പൂച്ച പോസ്റ്റ്മോര്‍ട്ടത്തിലൂടെ ഒരു കൊലപാതത്തിന്റെ കെട്ടഴിക്കാന്‍ പൊലീസിനു കഴിഞ്ഞു.