മറയൂര്‍: പ്രസവവേദനയെത്തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ച ആദിവാസി യുവതിക്കു ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നു മറ്റൊരു ആശുപത്രിയിലേയ്‌ക്കു കൊണ്ടുപോകുംവഴി ജീപ്പില്‍ പ്രസവിച്ചു. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഗുഹനാഥപുരം കോളനിയിലെ അരൂളിന്റെ ഭാര്യ മണിമേഖലയാണു ജീപ്പില്‍ ആണ്‍കുട്ടിക്കു ജന്മം നല്‍കിയത്‌. മുമ്പ്‌ ആശുപത്രിയില്‍ ചികിത്സയ്‌ക്ക്‌ എത്തിയിരുന്നില്ലെന്ന കാരണം പറഞ്ഞാണു കോവില്‍കടവിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതെന്നു യുവതിയുടെ പിതാവ്‌ മുരുകയ്യ പറഞ്ഞു. അതീവ ഗുരുതര നിലയില്‍ അടിമാലി താലൂക്കാശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെ പതിനാറു കിലോമീറ്റര്‍ അകലെ ചട്ടമൂന്നാറില്‍ വച്ചാണു ജീപ്പിനുള്ളില്‍ പ്രസവം നടന്നത്‌. കുഞ്ഞിനെയും മാതാവിനെയും മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ ഇന്‍ഷുറന്‍സ്‌ കാര്‍ഡ്‌ ഉള്‍പ്പടെ ഉണ്ടായിട്ടും ചികിത്സ നല്‍കിയില്ലെന്ന്‌ ഇവര്‍ പറയുന്നു. എന്നാല്‍, ചികിത്സയ്‌ക്കായി ഒപ്പിട്ടു നല്‍കണമെന്ന്‌ ആവശ്യപ്പെട്ടപ്പോള്‍ യുവതിയെ പ്രസവവാര്‍ഡില്‍നിന്ന്‌ ബന്ധുക്കള്‍ ബലമായി പിടിച്ചിറക്കി കൊണ്ടുപോവുകയായിരുന്നെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു.