ഡോക്ടറും സംഘവും ദീപാവലി ആഘോഷത്തിൽ; ​ഗർഭിണി ആശുപത്രിയിൽ ചികിത്സ കിട്ടാതെ മരിച്ചു

ഭോപ്പാൽ: ആശുപത്രിയിൽ ഡോക്ടർമാരും സംഘവും ദീപാവലി ആ​ഘോഷിക്കുന്നതിനിടെ ചികിത്സ കിട്ടാതെ യുവതി മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ദാരുണ സംഭവം നടന്നത്. മധ്യപ്രദേശിലെ ഗവൺമെന്റ് ആശുപത്രിയിലെ പ്രസവവാർഡിൽ പ്രവേശിപ്പിച്ച യുവതിയാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ദീപാവലി ദിവസം ജീവനക്കാർ പടക്കം പൊട്ടിച്ച് ആഘോഷിക്കാൻ പോകുകയായിരുന്നു. രോഗിയെ ശ്രദ്ധിക്കാതിരുന്നതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. സംഭവത്തിൽ ഒരു നഴ്സിനെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ജീവനക്കാരുടെ ദീപാവലി ആഘോഷത്തെക്കുറിച്ച് ജില പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെയാണ് ആശുപത്രി അധികൃതരുടെ നടപടി.

ശനിയാഴ്ച രാത്രി ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളേജ് ആശിപത്രിയിൽ വച്ചാണ് 26 കാരി മരിച്ചത്. അതേസമയം ജീവനക്കാർ ദീപാവലി ആഘോഷിക്കുകയായിരുന്നുവെന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഒരു നഴ്സിനെ സസ്പെന്റ് ചെയ്യുകയും ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അഞ്ച് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തതായി മെഡിക്കൽ കോളേജ് വക്താവ് ഡോ. ഉമേഷ് പട്ടേൽ പറഞ്ഞു. ഈ അഞ്ച് പേരെ ഗൈനക്കോളജി വിഭാഗത്തിൽ നിന്ന് നീക്കി. യുവതിയുടെ ഭർത്താവും ആശുപത്രിക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം നൽകിയ ഇഞ്ചക്ഷനുകളാണ് ഭാര്യയുടെ മരണത്തിന് കാരണമെന്നാണ് ഇയാൾ പരാതിയിൽ പറയുന്നത്. യുവതി ആശുപത്രിയിൽ വച്ച് കുഞ്ഞിന് ജന്മം നൽകിയതായും ഇയാളുടെ പരാതി വ്യക്തമാക്കുന്നു. യുവതിയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കയച്ചെന്നും, എന്നാൽ ഇതുവരെ സംശയാസ്പദമായി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആന്തരിക പരിശോധനാ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഡോ. ഉമേഷ് പട്ടേൽ പറഞ്ഞു

Loading...