ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയെ മുന്‍ഭര്‍ത്താവ് അമ്പെയ്ത് കൊന്ന സംഭവം ; ഓപ്പറേഷനിലൂടെ പുറത്തെടുത്ത കുഞ്ഞിന്റെ ജീവന്‍ സുരക്ഷിതം ; വയറ്റില്‍ തറച്ച അമ്പ് ഹൃദയത്തിന് അടുത്ത് വരെ എത്തി

ലണ്ടന്‍ : മുന്‍ഭര്‍ത്താവിന്റെ അമ്പേറ്റ് ബ്രിട്ടനില്‍ ഇന്ത്യന്‍ അമ്മ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായെന്ന് ഡോക്ടര്‍മാര്‍. തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു ദേവി ഉണ്‍മതല്ല ഗഡു അമ്പു വയറ്റില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് മരണമടഞ്ഞത്. പൂര്‍ണ്ണഗര്‍ഭിണിയായിരുന്ന ദേവിയെ പെട്ടെന്നു തന്നെ ഓപ്പറേഷന് വിധേയമാക്കിയ ശേഷം കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു ആക്രമണം. 35 കാരിയുടെ ആദ്യ ഭര്‍ത്താവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. 50 കാരനായ രാമനോഡ്‌ഗേ ഉന്‍മാതാലെഗ്ഗാഡു എന്നയാളെ ചൊവ്വാഴ്ച സ്‌കോട്‌ലന്റ് യാര്‍ഡ് പിടികൂടുകയൂം ചെയ്തിട്ടുണ്ട്. അടിവയറ്റില്‍ ഏറ്റ മുറിവാണ് മരണകാരണമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അതിന് മുമ്പായി അവര്‍ മരണത്തിന് കീഴടങ്ങി. സംഭവം ഇവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും എല്ലാം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ഏഴു വര്‍ഷം മുമ്പ് ഇംതിയാസ് മുഹമ്മദ് എന്നയാളെ വിവാഹം കഴിക്കാന്‍ വേണ്ടി മതം മാറിയ ദേവി ഉനമാതലെഗ്ഗാഡു സ്വന്തം പേര് സനാ മുഹമ്മദ് എന്ന് മാറ്റിയിരുന്നു. ആദ്യ വിവാഹത്തില്‍ 18,14,12 എന്നിങ്ങനെ മൂന്ന് മക്കളുള്ള സനാമുഹമ്മദിന് രണ്ടാം വിവാഹത്തില്‍ അഞ്ചും രണ്ടും വയസ്സുമുള്ള രണ്ടു പെണ്‍കുട്ടികളുണ്ട്. മൂന്നാമത്തെ കുഞ്ഞിനായി കാത്തിരിക്കുമ്പോഴായിരുന്നു ദാരുണ സംഭവം. തിങ്കളാഴ്ച സംഭവത്തിന് പിന്നാലെ അടിയന്തിരമായി ഓപ്പറേഷന്‍ നടത്തി ആണ്‍കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ഇതിന് ഇബ്രാഹീം എന്നാണ് പിതാവ് നാമകരണം ചെയ്തത്.

ഏഴു വര്‍ഷമായി ഒപ്പമുണ്ടായിരുന്ന സന നല്ലൊരു അമ്മയും ഭാര്യയും ആയിരുന്നെന്നും തമ്മില്‍ വേര്‍പിരിഞ്ഞത് ഹൃദയഭേദകമാണെന്നുമായിരുന്നു ഇംതിയാസ് പറഞ്ഞത്. ആക്രമണം നടക്കുമ്പോള്‍ ഇംതിയാസ് വീട്ടില്‍ ഉണ്ടായിരുന്നു. വീട്ടിലെ ഷെഡ്ഡില്‍ അക്രമിയെ കണ്ടപ്പോള്‍ തന്നെ ദേവി നിലവിളിക്കുകയും അലര്‍ച്ച കേട്ട് ഇംതിയാസ് ഓടിച്ചെല്ലുകയും ചെയ്‌തെങ്കിലും ഇതിനകം അക്രമി വില്ലില്‍ നിന്നും അമ്പ് തൊടുക്കുകയും അത് വയറു തുളച്ചു കയറുകയും ചെയ്തിയിരുന്നു. വയറ്റില്‍ ആഴത്തില മുറിവേല്‍പ്പിച്ച അമ്പ് സനായുടെ ഹൃദയത്തില്‍ വരെ തുളച്ചു കയറിയിരുന്നു. പക്ഷേ വളര്‍ച്ചയെത്തിയ കുഞ്ഞിനെ സ്പര്‍ശിച്ചിരുന്നില്ല.

കൂടുതല്‍ അപകടകരമായ സാഹചര്യം ആയതിനാല്‍ അമ്പ് തറച്ച നിലയില്‍ തന്നെയായിരുന്നു കുഞ്ഞിനെ പുറത്തെടുക്കാനുള്ള ഓപ്പറേഷന്‍ നടത്തിയതും. ഇംതിയാസിന്റെ കരച്ചില്‍ കേട്ട് സഹായത്തിനായി ഓടിയെത്തിയ അയല്‍ക്കാര്‍ 30 സെന്റിമീറ്റര്‍ നീളമുള്ള വില്ല് വീട്ടില്‍ കണ്ടെത്തിയിരുന്നു. തെളിവായി വില്ല് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുറ്റവാളിയെന്ന് സംശയിക്കുന്ന രാമനോഡ്‌ഗേ ഉന്‍മതാലെഗാഡൂവിനെ ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലി കോടതിയില്‍ ഹാജരാക്കും.

Top