മാലിദ്വീപില്‍ നിന്ന് ഇന്ന് മടങ്ങിയെത്തിയ യുവതി പ്രസവിച്ചു

കൊച്ചി: മാലിദ്വീപില്‍ നിന്ന് ഇന്ന് കേരളത്തിലെത്തിയ യുവതി പ്രസവിച്ചു. നേവിയുടെ കപ്പലില്‍ ഇവര്‍ അടക്കം 19 ഗര്‍ഭിണികളായിരുന്നു ഉണ്ടായിരുന്നത്. തിരുവല്ല സ്വദേശിയായ സോണിയ ജോസഫാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മാലിദ്വീപില്‍ നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു സോണിയ. കപ്പലില്‍ നിന്ന് പുറത്തേക്കിറങ്ങവെയാണ് സോണിയയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്.

തുടര്‍ന്ന് ഇവരെ നേരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് കൊച്ചിയിലേക്ക് 698 പേരെയാണ് കേരളത്തിലെത്തിച്ചത്. ഇവരില്‍ 440 മലയാളികളാണ്. 156 തമിഴ്‌നാട് സ്വദേശികളാണ്. ബാക്കിയുള്ളവര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. യാത്രക്കാരില്‍ 19 കുട്ടികളും ഉണ്ടായിരുന്നു. അതേസമയം കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക,മഹാരാഷ്ട്ര,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു.

Loading...

തിരിച്ചെത്തിയവരില്‍ നിന്നും 103 പേര്‍ സ്ത്രീകളും 595 പേര്‍ പുരുഷന്മാരുമാണ്. സാധാരണ നാവികസേന ദൗത്യത്തിന് പണം ഈടാക്കാറില്ല. എന്നാല്‍ ഇത്തവണ 40 ഡോളറാണ് യാത്രക്കാരില്‍ നിന്നും ഈടാക്കിയത്. വന്നവരില്‍ 638 പേരും ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയവരാണ്. രണ്ട് ദിവസം മുന്‍പാണ് മാലിയില്‍ നിന്ന് കപ്പല്‍ യാത്ര ആരംഭിച്ചത്.