കൊച്ചി: പ്രേമം സിനിമയുടെ വ്യാജന്‍ ഇന്‍ന്റര്‍ നെറ്റില്‍ ചോര്‍ത്തിയ കേസില്‍ പ്ലസ് വണ്‍ കുട്ടികളെ അറസ്റ്റ് ചെയ്ത് ക്രിമിനലാക്കിയ പോലീസിനു യഥാര്‍ഥ കുറ്റവാളികളെ പിടിക്കാന്‍ മടി. നെറ്റില്‍ പടം കണ്ടവര്‍, ഡൗണ്‍ ലോഡ് ചെയ്തവര്‍ ഇവരെയൊക്കെ പോലീസ് വേട്ടയാടുകയാണ്. നിരവധി നിരപരാധികള്‍ ചോദ്യം ചെയ്യലിനും മറ്റും കാരണമാകുന്നു. നിരപരാധികള്‍ കേസ് അന്വേഷണത്തിനു പിന്നില്‍ പീഢിപ്പിക്കപ്പെടുന്നു. എന്നാല്‍ യഥാര്‍ഥ കുറ്റവാളികള്‍ ഇതെല്ലാം കണ്ട് ഊറി ഊറി ചിരിക്കുകയാണ്.

സിനിമ ചോര്‍ത്തിയത് സ്റ്റുഡിയോവില്‍ നിന്നും ആണെന്ന് ഉറപ്പായതാണ്. അപ് ലോഡ് ചെയ്തവരെ എലിയെ പിടിക്കുന്ന ലാഘവത്തില്‍ ഈസിയായി തൂക്കിയെടുത്ത് ജയിലിലാക്കിയ നമ്മുടെ പോലീസ് മിക്കി മൗസിലേ പൂച്ച ഡിക്ടറ്റീവുകള്‍ ആകുവാന്‍ ശ്രമിക്കുകയാണ്. ഇത് പിള്ളേരില്‍ ഒതുക്കി കളയേണ്ട കാര്യമല്ല. അന്വേഷണം നടത്തിയെന്നും എന്തേലും ചെയ്യുന്നു എന്നു കാട്ടി തീര്‍ക്കാനായി കുട്ടികളേയും നെറ്റില്‍ സിനിമ കണ്ടവരെയും പിടിച്ചാല്‍ ഈ വിഷയം തീരില്ല. നാളെയും കോടികള്‍ മുടക്കിയ പടം സ്റ്റുഡിയോ, സെന്‍സര്‍ ബോഡ് എന്നിവിടങ്ങളില്‍ നിന്നും ചോരും. പതിവു പോലെ നെറ്റില്‍ പടം കണ്ടവരെയും, അപ് ലോഡും, ഡൗണ്‍ ലോഡും ഒക്കെ ചെയ്തവരെ വിരട്ടുകയാണ് പോലീസ്. ഇത് വിജയിക്കില്ല പോലീസേ..കാരണം ഒരു നൂറ്റാണ്ട് നിങ്ങള്‍ ഈ വിരട്ട് തുടര്‍ന്നാലും പടം കിട്ടിയാല്‍ നെറ്റില്‍ അത് അപ് ലോഡ് ചെയ്തിരിക്കും. നെറ്റില്‍ വന്നാല്‍ ലക്ഷകണക്കിനു പേര്‍ അത് ഡൗണ്‍ ലോഡ് ചെയ്യും കാണും. ലോകത്തേ കോടിക്കണക്കിനു മലയാളികളുടെ നെറ്റിന്റെ കീയും, കമ്പ്യൂട്ടര്‍ പാസ് വേഡുകളും കേരള പോലീസിന്റെ കൈയ്യിലല്ല.

Loading...

premam-movie-online-news

സ്റ്റുഡിയോ ഉടമസ്ഥരെ പിടിക്കണമെന്നല്ല പറയുന്നത്. അവിടെ ജോലി ചെയ്തവരില്‍ ക്രിമിനലുകള്‍ ഉണ്ട്. അവരെ പിടികൂടണം. ഇനി അവര്‍ അവരുടെ മുതലാളിമാര്‍ക്കുവേണ്ടിയാണ് ഈ ചോര്‍ത്തല്‍ നടത്തിയതെങ്കില്‍ മുതലാളിയേയും പിടികൂടണം.

നെറ്റിലേക്ക് സിനിമ അപ് ലോഡ് ചെയ്തവരെ വിട്ടയക്കുകയാണ് വേണ്ടത്. ഒരു സിനിമയുടെ ലിങ്ക് നെറ്റിലേക്ക് അയക്കുവാനും ഡൗണ്‍ലോഡ് ചെയ്യുവാനും ശ്രമിക്കുന്നത് ആര്‍ക്കും തടയാന്‍ കഴിയില്ല. ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും സാധിക്കും. പല രാജ്യത്തേ പൗരന്മാര്‍ക്ക് കഴിയും. സിനിമയുടെ ലിങ്കും, ചിത്രവും അപ് ലോഡ് ചെയ്യുവാന്‍ ശ്രമിക്കുന്നത് ഇന്ത്യയിലോ കേരളത്തിലോ കുറ്റകരമാണെങ്കില്‍ അത് അപ് ലോഡ് ചെയ്യുന്ന രാജ്യത്ത് കുറ്റകരമായിരിക്കില്ല. നെറ്റും, സോഷ്യല്‍ മീഡിയയും ഇന്ത്യയിലും കേരളത്തിലും ഉള്ള ആളുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. പ്രേമത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ആ കുട്ടികളെ ലോകത്തിനു മുന്നില്‍ ക്രിമിനലാക്കി കാട്ടിയ കേരള പോലീസ് എന്തു നീതിയാണ് നടപ്പാക്കിയത്?..അങ്ങനെയെങ്കില്‍ ഈ സിനിമ നെറ്റില്‍ അപ് ലോഡ് , ഡൗണ്‍ ലോഡ് ചെയ്തവര്‍ ലക്ഷക്കണക്കിനുണ്ട്. വിവിധ സൈറ്റുകളിലേക്ക് അത് അപ് ലോഡ് ചെയ്ത നൂറുകണക്കിനു അളുകളെ ലോകം മുഴുവന്‍ നടന്ന് ഈ പോലീസിനു പിടിക്കാന്‍ കഴിയില്ല.

നെറ്റിലേക്ക് ചിത്രം അപ് ലോഡ് ചെയ്തത് അല്ല കുറ്റമായി കാണേണ്ടത്. അതിന്റെ കോപ്പികള്‍ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ നിന്നും ചോര്‍ത്തിയ സിനിമാ ലോകത്തേ ക്രിമിനലുകളെ പിടിക്കണം. അറസ്റ്റിലായ കുട്ടികള്‍ തെറ്റുകാരല്ല. അവര്‍ തെറ്റു ചെയ്‌തെങ്കില്‍ അവരെ പോലെ ആ ചിത്രം അപ് ലോഡും ഡൗണ്‍ ലോഡും ഒക്കെ ചെയ്തവര്‍ ആയിരക്കണക്കിനു ഇന്നു കേരളത്തിന്റെ ജയിലില്‍ കിടക്കേണ്ടതാണ്. ചിത്രം ഇതുവരെ നെറ്റില്‍ കണ്ട 4 ലക്ഷത്തിലധികം ജനങ്ങള്‍ ജയിലില്‍ ആകേണ്ടതാണ്. നിയമവും, പോലീസും ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അറസ്റ്റു ചെയ്യാറില്ല. അതിന്റെ വില്പനയും നിര്‍മ്മാണവും നടക്കുന്നവരെയാണ് പിടികൂടുന്നത്. സര്‍ക്കാര്‍ വകയല്ലാത്ത മദ്യം കഴിച്ചു എന്ന പേരില്‍ ആരെയും അറസ്റ്റ് ചെയ്യാരില്ല. വ്യാജ മദ്യം കിട്ടുന്ന സ്ഥലം പറഞ്ഞു കൊടുക്കുന്നയാളെ അറസ്റ്റ് ചെയ്യാറില്ല. കുറ്റകൃത്യം തടയണമെങ്കില്‍ അതിന്റെ പ്രഭവ കേന്ദ്രങ്ങളെ തന്നെ നിഷ്‌കരുണം നശിപ്പിക്കണം. സിനിമ നെറ്റില്‍ ചോര്‍ത്തുന്ന് കേസിലും അതാണു വേണ്ടത്. യതാര്‍ഥ കുറ്റവളികളെ തൊടാതെ പുറം മോടിയായി നടക്കുന്ന ഈ അന്വേഷണം ആദ്യം അവസാനിപ്പിക്കണം.

തയ്യാറാക്കിയത്

വിന്‍സ് മാത്യു, എഡിറ്റര്‍