രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം

ന്യുഡല്‍ഹി: ഗവര്‍ണറുടെ ശിപാര്‍ശയ്ക്ക് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കി. രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.

മഹാരാഷ്ട്രയില്‍ ഭരണഘടനയനുസരിച്ച് സര്‍ക്കാര്‍ രൂപീകരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. ഈ ശിപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു.

Loading...

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിക്ക് നല്‍കിയ സമയപരിധി അവസാനിക്കുന്നതിനു മുന്‍പാണ് ഗവര്‍ണര്‍ ശിപാര്‍ശ നല്‍കുന്നത്. ഭരണഘടനാ അനുഛേദം 356 പ്രകാരം നടപടി സ്വീകരിക്കാവുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധിയാണ്. കുതിരക്കച്ചവടത്തിന് ഇടനല്‍കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്നു ഉച്ചയ്ക്കു ചേര്‍ന്ന കേന്ദ്രമന്ത്രിയുടെ അടിയന്തര യോഗത്തില്‍ രാഷ്ട്രപതി ഭരണത്തിന് ധാരണയിലെത്തിയിരുന്നു. ഉച്ചയ്ക്ക് 2.15ന് ബ്രസീലിലേക്ക് പോകേണ്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്ര മാറ്റിവച്ചാണ് മന്ത്രിസഭാ യോഗം വിളിച്ചത്.

എന്‍.സി.പി നേതാവ് ശരത് പവാര്‍ ചില ബി.ജെ.പി നേതാക്കളെ പിന്തുണ തേടി വിളിച്ചതായി കേന്ദ്ര നേതൃത്വത്തിന് വിവരം ലഭിച്ചതോടെയാണ് രാഷ്ട്രപതി ഭരണത്തിന് അടിയന്തരമായി തീരുമാനമെടുത്തതെന്ന് സൂചനയുണ്ട്. സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിക്ക് നല്‍കിയ സമയം രാത്രി 8.30ന് അവസാനിക്കാനിരിക്കേയാണ് ഗവര്‍ണറുടെ ശിപാര്‍ശ.

ബി.ജെ.പിയുടേത് നിയമവ്യവസ്ഥയെ പരിഹസിക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ബി.ജെ.പി ഭരണഘടനയെ കശാപ്പ് ചെയ്യുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി വിമര്‍ശിച്ചു.

അതേസമയം, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍ സുപ്രീംകോടതിയില്‍ പോകുമെന്ന് ശിവസേന അറിയിച്ചിരുന്നു. ശിവസേനാ നേതാവ് ആദിത്യ താക്കറെ മൂന്നുദിവസം കൂടി അധികസമയം ചോദിച്ചിട്ടും ഗവര്‍ണര്‍ അനുവദിച്ചിരുന്നില്ല.

ഇക്കാര്യം സംസാരിക്കാന്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍ എന്നിവരെ കണ്ടിരുന്നു

എന്‍.സി.പിക്കു നല്‍കിയ സമയം അവസാനിക്കാതെ എങ്ങനെയാണ് ഗവര്‍ണര്‍ക്കു രാഷ്ട്രപതിഭരണം ശുപാര്‍ശ ചെയ്യാനാവുകയെന്ന് ശിവസേനാ നേതാവ് പ്രിയങ്കാ ചതുര്‍വേദി ചോദിച്ചിരുന്നു. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം.

ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ തള്ളി പവാര്‍ രംഗത്തെത്തിയിരുന്നു. പവാറുമായി ചര്‍ച്ച നടത്തുന്നതിന് ഇന്നു രാവിലെ മുംബൈയിലേക്കു പോകാനിരുന്ന ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ യാത്ര റദ്ദാക്കിയത് പവാറിനെ ചൊടിപ്പിച്ചിരുന്നു.

ഇതിനു പകരം ദല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കാണാനാണ് അവര്‍ പവാറിനോടു നിര്‍ദ്ദേശിച്ചതെന്ന് പാര്‍ട്ടി നേതാവ് അജിത് പവാര്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ ഈ സമീപനമാണ് പവാറിനെ രോഷാകുലനാക്കിയത്.

‘ആരു പറഞ്ഞു കൂടിക്കാഴ്ചയുണ്ടെന്ന്? എനിക്കൊന്നും അറിയില്ല’ എന്നായിരുന്നു കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ പവാറിന്റെ പ്രതികരണം.

മാത്രമല്ല, പുറത്തുനിന്നു പിന്തുണയ്ക്കാനുള്ള തീരുമാനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെങ്കില്‍ അതില്‍ താത്പര്യമില്ലെന്ന് എന്‍.സി.പി വൃത്തങ്ങള്‍ പറഞ്ഞതായിും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഉച്ചയ്ക്ക് 2.15ന് ബ്രസീലിലേക്ക് പോകേണ്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്ര മാറ്റിവച്ചാണ് മന്ത്രിസഭാ യോഗം വിളിച്ചത്.