അമ്പലപ്പുഴ പാല്‍പ്പായസം ‘ഗോപാല കഷായ’മാക്കിയവര്‍ ഉണ്ണിക്കണ്ണനെ നാളെ ‘ഉണ്ണിക്കണ്ണന്‍ വൈദ്യര്‍’ എന്നും വിളിക്കും; ആഞ്ഞടിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍

Loading...

ആലപ്പുഴ: അമ്പലപ്പുഴ പാല്‍പ്പായസത്തിന് ‘ഗോപാല കഷായം’ എന്ന് പേരിട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗേപാലകൃഷ്ണന്‍. ഈ ഭരണസമിതി ഇറങ്ങും മുന്‍പേ അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ ഉണ്ണിക്കണ്ണന്‍ വൈദ്യരെന്ന് പേരുമാറ്റി വിളിക്കാനും മടിക്കില്ലെന്നും പ്രയാര്‍ വിമര്‍ശിച്ചു.

ക്ഷേത്രാചാരങ്ങളുടെ പൗരാണികതയും വിശുദ്ധിയും വിശ്വാസവും ചോദ്യംചെയ്യപ്പെടുന്നത് അംഗീകരിക്കാനാകില്ല. ശബരിമല ക്ഷേത്രത്തെ ‘ശ്രീ അയ്യപ്പക്ഷേത്രം’ എന്ന് പുനര്‍ നാമകരണം ചെയ്തപ്പോള്‍ പ്രതിഷേധിച്ചവരാണ് വിശ്വാസികളെ വീണ്ടും വെല്ലുവിളിക്കുന്നത്.

Loading...

അമ്പലപ്പുഴ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസിലെത്തുക അമ്പലപ്പുഴ പാല്‍പ്പായസമാണ്. അല്ലാതെ ഗോപാല കഷായമല്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ബോധപൂര്‍വമായ പ്രഖ്യാപനത്തെ ഭക്തര്‍ അതിന്റേതായ ഗൗരവത്തോടെ തള്ളിക്കളയും. ബോര്‍ഡിന്റെ ആധികാരിക രേഖകളില്‍ പോലും ഗോപാല കഷായം എന്ന് പരാമര്‍ശിച്ചിട്ടില്ലെന്നും പ്രയാര്‍പറഞ്ഞു.

കേരളത്തിലെ 14 മഹാക്ഷേത്രങ്ങളിൽ ഒന്നായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലെ പ്രസിദ്ധമായ നിവേദ്യമാണ്‌ അമ്പലപ്പുഴ പാൽപ്പായസം.

കഷായത്തിലെന്നപോലെ ധാരാളം വെള്ളത്തിൽ പാല് വേവിച്ചെടുക്കുന്നതുകൊണ്ടായിരിക്കണം ഇതിനെ ‘ഗോപാല കഷായം’ എന്നു വിളിക്കുന്നത്. ഇതിനു തങ്കനിറവും പ്രത്യേകമായ സുഗന്ധവും സ്വാദും ഉണ്ട്.

കേരളത്തിൽ തന്നെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലും പ്രശസ്തമായ പാൽപ്പായസനിവേദ്യങ്ങൽ ഉണ്ടെങ്കിലും അമ്പലപ്പുഴ പാൽപ്പായസത്തിന്റെയത്ര പ്രശസ്തി അവയ്ക്കില്ല.

രാവിലെ കൃത്യം 6 മണിക്ക് ഒരു വലിയ വാർപ്പിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞ്, തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ പാലു ചേർത്തു സാവധാനത്തിൽ വറ്റിക്കുന്നു. 11 മണിയോടുകൂടി വെള്ളം ഏതാണ്ടു മുഴുവനും വറ്റിക്കഴിയുമ്പോൾ അരി ചേർക്കുന്നു. ഒരു മണിക്കൂർ കൂടി കഴിയുമ്പോഴേക്കും പാലിന്റെ പതിനൊന്നിലൊരു ഭാഗം കൂടി വറ്റിക്കഴിയും. അപ്പോൾ പഞ്ചസാര ചേർത്തിളക്കി പകർന്നെടുത്തു നിവേദിക്കുന്നു.

വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ‍. ആദ്യകാലങ്ങളിൽ മുപ്പത്തിയാറുപറ പാലും അതിനുവേണ്ട അരിയും പഞ്ചസാരയുമായിരുന്നു ഉപയോഗിച്ചിരുന്നത്.

ഐതീഹ്യം ഇങ്ങനെ….

ചെമ്പകശ്ശേരി രാജാവ് ഒരിക്കൽ സൈനികച്ചെലവിലേക്കും മറ്റുമായി ആനപ്രാമ്പൽ സ്വദേശിയായ ഒരു തമിഴ് ബ്രാഹ്മണനോടു കുറെ നെല്ല് വായ്പ വാങ്ങി. മുതലും കൂട്ടുപലിശയും ചേർന്ന് അതു മുപ്പത്തിയാറായിരം പറയായി വർധിച്ചു. രാജാവിനോട് ഋണബാദ്ധ്യത തീർക്കാൻ പലപ്രാവശ്യം ബ്രാഹ്മണൻ അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല.

ഒരു ദിവസം രാജാവു ക്ഷേത്രദർശനത്തിനു വന്നപ്പോൾ ‘എന്റെ കടം തീർക്കാതെ തേവരാണെ അകത്തു കടക്കരുത്’ എന്നു ബ്രാഹ്മണൻ വിളിച്ചുപറഞ്ഞു. സത്യസന്ധനായ രാജാവു വിഷമിച്ചു. ബുദ്ധിമാനായ മന്ത്രി വിവരമറിഞ്ഞ് അവശ്യംവേണ്ട നെല്ല് നാട്ടുകാരിൽനിന്നു കടംവാങ്ങി കിഴക്കേനടയിലുള്ള ആനക്കൊട്ടിലിൽ അളന്നുകൂട്ടിച്ചു.

ഉച്ചശീവേലിക്കു മുൻപ് നെല്ലു സ്ഥലത്തുനിന്നും മാറ്റുന്നതിനു ബ്രാഹ്മണനെ മന്ത്രി നിർബന്ധിച്ചു. മന്ത്രിയുടെ രഹസ്യമായ ആജ്ഞ ഉണ്ടായിരുന്നതിനാൽ ബ്രാഹ്മണനു ചുമട്ടുകാരെയോ വള്ളക്കാരെയോ ലഭിച്ചില്ല. ഉച്ചശീവേലിക്കു സമയമടുത്തിട്ടും നെല്ലു മാറ്റാൻ നിവൃത്തിയില്ലാതെവന്നപ്പോൾ ആ ബ്രാഹ്മണൻ പശ്ചാത്താപവിവശനായി.

ആ നെല്ലു മുഴുവൻ അതിന്റെ പലിശകൊണ്ടു നിത്യേന ശ്രീകൃഷ്ണസ്വാമിക്കു പാൽപ്പായസ നിവേദ്യം നടത്തുന്നതിനു വഴിപാടായി അർപ്പിച്ചു.