പൊതുജനം വലയും ; ബജറ്റിലെ പ്രഖ്യാപനങ്ങൾ നാളെ മുതൽ നിലവിൽ വരും, പെട്രോൾ, വാഹന നികുതി, ഭൂമി രജിസ്‌ട്രേഷൻ, കോടതി സർക്കാർ സേവന നിരക്കുകൾ എല്ലാം ഉയരും

തിരുവനന്തപുരം : പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുന്ന കെ.എൻ. ബാലഗോപാലിന്റെ ബജറ്റിലെ പ്രഖ്യാപനങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ, വാഹന നികുതി, ഭൂമി രജിസ്‌ട്രേഷൻ, കോടതി സർക്കാർ സേവന നിരക്കുകൾ തുടങ്ങി എല്ലാം നാളെ മുതൽ വർദ്ധിക്കും. ആവശ്യസാധനകൾക്ക് തൊട്ടാൽ പൊള്ളുന്ന വില ആയതിന് പിന്നാലെയാണ് ഇപ്പോൾ ബജറ്റിലെ പ്രഖ്യാപനങ്ങൾ കൂടി നിലവിൽ വരുന്നത്. ഇത് ജനങ്ങളെ വളയ്ക്കുമെന്ന് ഉറപ്പാണ്.

നാളെ നിലവിൽ വരുന്ന പ്രഖ്യാപനങ്ങളിൽ ഏറ്റവും പ്രധാനം ഇന്ധന സെസ്സ് തന്നെയാണ്. ഒരു ലിറ്റർ ഇന്ധനത്തിന് നാളെ മുതൽ രണ്ട് രൂപ അധികമായി നൽകേണ്ടി വരും. സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിന്റെ പേരിലാണ് ഈ കൊള്ള. മദ്യത്തിനും നാളെ മുതൽ വിലകൂട്ടും. 500 രൂപ മുതൽ 999 രൂപ വരെ വരുന്ന ഇന്ത്യൻ നിർമ്മിത മദ്യം കുപ്പിക്ക് 20 രൂപ വരെ വില വർദ്ധിക്കും.

Loading...

സർക്കാരിന്റെ ബാധ്യതതകൾ തീർക്കാനുള്ള ആസൂത്രിത നീക്കമായി തന്നെയാണ് ഇതിനെ കണക്കാക്കേണ്ടത്. 1000 രൂപയ്‌ക്ക് മുകളിൽ വിലയുള്ള മദ്യം കുപ്പിക്ക് 40 വെച്ചും വില കൂടും. മദ്യം വിറ്റ് മാത്രം 400 കോടി രുപ അധികമായി സർക്കാരിന് ലഭിക്കും. ഇതുകൊണ്ടും അവസാനിക്കുന്നില്ല. നാളെ മുതൽ സർക്കാർ ഓഫീസുകളിലെ സേവനങ്ങൾക്കുള്ള ഫീസിലും വർദ്ധനവുണ്ടാകും.

അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവയടക്കമുള്ളവയ്‌ക്ക് ചിലവേറും. കോടതി വ്യവഹാരങ്ങൾക്കായുള്ള ഫീസിൽ നാളെ മുതൽ വർദ്ധനവ് പ്രാബല്യത്തിൽ വരും. മോട്ടോർ വാഹനങ്ങളുടെ വിലയിലും വലിയ മാറ്റമുണ്ടാകും. വാഹന സെസ്സ് വർദ്ധിക്കുന്നതോടെ തന്നെ വാഹനങ്ങളുടെ വിലയിൽ സ്വഭാവിക വർദ്ധനവ് ഉണ്ടാകും. വസ്തുക്കളുടെ ന്യായവിലയിൽ 20 ശതമാണ് വർദ്ധനവുണ്ടാകുന്നത്. ഇതോടെ ഭൂമി രജിസ്‌ട്രേഷനടക്കമുള്ളയ്‌ക്ക് ചിലവേറും.

വൈദ്യുതി തീരുവ കൂടുന്നതിനൊപ്പം പണി പൂർത്തിയാകാത്ത വീടുകൾക്കുള്ള പരിശോധനാ ഫീസും ഉയരും. സംസ്ഥാനസർക്കാരിന്റെ ജനദ്രോഹനയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ്.