ലോക്ക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തി; എറണാകുളത്തും വൈദികനും വിശ്വാസികളും അറസ്റ്റില്‍

കൊച്ചി: ലോക്ക്ഡൗണില്‍ കര്‍ശന നിയന്ത്രണങ്ങളുമായിട്ടാണ് സര്‍ക്കാരും പൊലീസും മുന്നോട്ട് പോകുന്നത്. എന്നാല്‍ എത്രയൊക്കെ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നാലും അത് ലംഘിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ പേരില്‍ നിരവധി അറസ്റ്റും നടക്കാറുണ്ട്. പ്രാര്‍ത്ഥനകള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും എറണാകുളത്ത് ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയിരിക്കുകയാണ് ഒരു വൈദികന്‍. ഉടനെ തന്നെ വൈദികനെയും ആറ് വിശ്വാസികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്റിലെ സ്റ്റെല്ല മേരീസ് ചര്‍ച്ചിലെ വൈദികന്‍ അഗസ്റ്റിന്‍ പാലായിലാണ് അറസ്റ്റിലായത്. കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളെല്ലാം മറികടന്നുകൊണ്ടാണ് സ്റ്റെല്ല മേരീസ് ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാന നടത്തിയത്. രാവിലെ ഏഴു മണിയോടെയാണ് കുര്‍ബാന തുടങ്ങിയത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാല് സ്ത്രീകളും 2 പുരുഷന്‍മാരും അടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്.

Loading...

ആളുകളുടെ എണ്ണം കൂടുതലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എല്ലാവരെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എപ്പിഡമിക് ആക്റ്റ് പ്രകാരം കേസെടുത്ത ഹാര്‍ബര്‍ പോലീസ് ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സ്ഥിരമായി ഇവിടെ കുര്‍ബാന നടക്കുന്നുവെന്ന വിവരം നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ലത്തീന്‍ സഭയുടെ കൊച്ചി രൂപതയുടെ കീഴിലുള്ളതാണ് സ്‌റ്റെല്ല മേരീസ് പള്ളി.