പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് വൈദികനെതിരെ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതില്‍ കേരളത്തില്‍ വീണ്ടുമൊരു വൈദികന്‍ പ്രതിസ്ഥാനത്ത്. എര്‍ണാകുളം പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാ. ജോര്‍ജ് പടയാട്ടി(68)ക്ക് എതിരേ വടക്കേക്കര പോലീസ് കേസെടുത്തു. വൈദികന്‍ ഒളിവിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്ന് പോലീസിന് വിവരം ലഭിച്ചു.

ഒരു മാസം മുമ്പാണ് സംഭവം. പള്ളിക്ക് സമീപത്തെ സ്‌കൂളിന്റെ മാനേജര്‍ കൂടിയാണ് ഇദ്ദേഹം. സ്‌കൂളില്‍ ഇടവേള കിട്ടുന്ന സമയങ്ങളിലാണ് ഒമ്പത് വയസ്സുള്ള പെണ്‍കുട്ടികള്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ എത്തിയത്. എന്നാല്‍ പ്രാര്‍ഥനക്കിടയില്‍ വികാരിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഒരു പെണ്‍കുട്ടി വിവരം സ്‌കൂളില്‍ എത്തി അധ്യാപികയെ അറിയിക്കുകയായിരുന്നു. അവര്‍ വീട്ടുകാര്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും വിവരം കൈമാറി. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് മൂന്ന് കുട്ടികള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും ആരും വിളിക്കരുതെന്നും പറഞ്ഞ് ഇയാള്‍ നാട് വിട്ടു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

എന്തായാലും വളരെ നിര്‍ഭാഗ്യകരമായ സംഭവം തന്നെയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംഭവത്തില്‍ കുട്ടികള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കി. എങ്കിലും ഒരു വൈദികനെതിരെ മൊഴി നല്‍കുന്നതിലും കേസെടുക്കുന്നതിലും രക്ഷിതാക്കള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് കേസെടുത്തത്. മതത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കെതിരെ അവര്‍ തെറ്റുചെയ്താല്‍ പോലും ശബ്ദമുയര്‍ത്താന്‍ ജനങ്ങള്‍ക്ക് ഭയമാണ്, ഈ ഭയം മുതലെടുത്ത തന്നെയാണ് ഇത്തരം ശുഭ്രവസ്ത്ര ധാരികള്‍ അവസരം മുതലാക്കുന്നതും കുറ്റകൃത്യങ്ങല്‍ ചെയ്യുന്നതും. ഇതിനെതിരെ ജനം തന്നെ മുന്നോടട്ുവന്നാലെ ആട്ടിന്‍തോലിട്ട കുറ്റവാളികളെ നിയമത്തിന മുന്നില്‍ കൊണ്ടുവരാന്‍ പറ്റു.