പറവൂര്‍: പുത്തന്‍ വേലിക്കരയില്‍ ബാലികയെ പീഡിപ്പിച്ച് കേസില്‍ ഒളിവില്‍ പോയ പുരോഹിതന്റെ കാര്‍ കണ്ടെത്തി. ഫാ. എഡ്‌വിന്റെ ഒരു ബന്ധുവീട്ടില്‍ നിന്നാണ് കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൂടാതെ ഈസ്റ്റര്‍ ദിനത്തില്‍ പ്രതിക്കുവേണ്ടി അടുത്ത സുഹൃത്തായ വൈദികന്റെ വീട്ടിലും പോലീസ് റെയ്ഡ് നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
പുത്തന്‍ വേലിക്കര പറങ്കിനാട്ടിയ കുരിശ് ലൂര്‍ദ് മാതാപള്ളിയിലെ വികാരി ഫാ. എഡ്‌വിന്‍ സീഗ്രേസാണ് ഒളിവില്‍ പോയത്. പരാതി ലഭിച്ചതിനെതുടര്‍ന്ന് കോട്ടപ്പുറം രൂപതാ മെത്രാന്‍ കുര്‍ബാന ചൊല്ലുന്നതില്‍ നിന്ന് വിലക്കിയെങ്കിലും, അതു ലംഘിച്ച് മാര്‍ച്ച് 29-ന് ഓശാന ഞായറാഴ്ച കുര്‍ബാന ചൊല്ലിയതിനു ശേഷമാണ് ഫാ. എഡ്‌വിന്‍ ഒളിവില്‍ പോയത്.
എഡ്‌വിന്റെ കാര്‍ ഞാറയ്ക്കല്‍ പൂക്കാട്ടൂരുള്ള ബന്ധുവിന്റെ വീട്ടില്‍ സൂക്ഷിക്കാന്‍ ഏല്പിച്ചിട്ടാണ് മുങ്ങിയത്. കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന വടക്കേക്കര സി.ഐ പി.കെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ കാര്‍ കസ്റ്റഡിയിലെടുത്ത് പുത്തന്‍വേലിക്കര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. കൂടാതെ ഫാ. എഡ്‌വിന്‍ തുരുത്തൂരുള്ള അരിപ്പാലം പള്ളിവികാരിയും ഉറ്റ സുഹൃത്തുമായ ഫാ. ജോസ് കുര്യാപ്പിള്ളിയുടെ വസതിയിലുണ്ടെന്ന സന്ദേശത്തെത്തുടര്‍ന്ന് ഈസ്റ്റര്‍ ദിനത്തില്‍ ഉച്ചയോടെ പോലീസ് അവിടം റെയ്ഡ് ചെയ്തു. ഫാ. ജോസിന്റെ തറാവാട്ടു വീട്ടിലും സഹോദരന്‍ ജോസിയുടെ വീട്ടിലും തിരച്ചില്‍ നടത്തിയെങ്കിലും ഫാ. എഡ്‌വിനെ കണ്ടെത്താനായില്ല.
എന്നാല്‍ ഏപ്രില്‍ 15-ന് ശേഷം ലൂര്‍ദ് മാതാ പള്ളിയില്‍ നിന്നും വിടപറയാനിരുന്ന ഫാ. എഡ്‌വിന്‍ ഈ മാസം തന്നെ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ധ്യാനഗുരു എന്ന നിലയില്‍ കൂടെക്കൂടെ വിദേശയാത്ര നടത്തിയിരുന്ന ആളാണ് ഫാ. എഡ്‌വിന്‍.
കഴിഞ്ഞദിവസം കോട്ടപ്പുറം ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന പ്രീസ്റ്റ് കൗണ്‍സില്‍ ഫാ. എഡ്‌വിന്‍ ഫിഗറസിനെ വൈദിക ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് വിലക്കി. യോഗത്തില്‍ ഡോ. ജോസഫ് കാരിക്കാശ്ശേരി അധ്യക്ഷത വഹിച്ചു. വൈദികനെതിരായ പരാതി രൂപതയുടെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മങ്ങലേല്പിച്ചതായി ഡോ. കാരിക്കശ്ശേരി പറഞ്ഞു.
ഇപ്പോഴത്തെ വാരാപ്പുഴ ആര്‍ച്ച്ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കോട്ടപ്പുറം രൂപതാ മെത്രാനായിരുന്നപ്പോള്‍ അദ്ദേഹത്തെ ധിക്കരിക്കുകയും, പരിഹസിക്കുകയും ചെയ്തിട്ടുള്ള ഫാ. എഡ്‌വിന്‍ വൈദികരുടെ ഇടയിലെ ഒരു സ്ഥിരം പ്രശ്‌നക്കാരന്‍ ആയിരുന്നു. എങ്കിലും ഏഡ്‌വിന്റെ പ്രഭാഷണ ചാതുരിയും സംഗീതപരമായ കഴിവുകളും കൊണ്ട് അതെല്ലാം മറികടന്നു.
കോട്ടപ്പുറം രൂപതയിലെ ഒരു പള്ളിയിലും ആള്‍ത്താര ശുശ്രൂഷയ്ക്ക് പെണ്‍കുട്ടികളെ നിയമിക്കാറില്ല. എന്നാല്‍ എഡ്‌വിന്‍ വികാരിയായി എത്തിയതിനു ശേഷം രണ്ടുവര്‍ഷവും രണ്ട് പെണ്‍കുട്ടികളെ ആള്‍ത്താരശുശ്രൂഷയ്ക്ക് നിയോഗിച്ചിരുന്നു. കൂടാതെ എഡ്‌വിന്റെ കിടക്കമുറി വൃത്തിയാക്കിയിരുന്നതും ആ പെണ്‍കുട്ടികള്‍ ആണെന്നു പറയുന്നു. അതോടൊപ്പം പിന്നീട് പെണ്‍കുട്ടികള്‍ അച്ചനെ ഭയന്ന് മുറിയില്‍ പോകാന്‍ മടിച്ചതായും പറയുന്നു.
കൂടാതെ കഴിഞ്ഞദിവസം ഫോറന്‍സിക് വിദഗ്ദ്ധ സൂസന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിമേടയിലെത്തി പരിശോധന നടത്തി. പെണ്‍കുട്ടികളുടേതെന്നു സംശയിക്കുന്ന മുടിയും മറ്റ് നിര്‍ണായക തെളിവുകളും ലഭിച്ചതായി സൂചനയുണ്ട്. കൂടാതെ പള്ളിമേടയില്‍ നിന്ന് ഫാ. എഡ്‌വിന്റേതെന്ന് കരുതുന്ന സ്കോച്ച് വിസ്കിയും കണ്ടെത്തി.
ആദ്യകാലത്ത് ഫാ. എഡ്‌വിനെ പിന്തുണച്ചവര്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുതുടങ്ങിയതോടെ ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുന്നു.